Sorry, you need to enable JavaScript to visit this website.

അവര്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനമായിക്കോട്ടെ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ന്യൂദല്‍ഹി- കോവിഡും യുദ്ധവും കാരണം ചൈനയിലും, യുക്രെയ്‌നിലും ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരും ദേശീയ മെഡിക്കല്‍ കമ്മീഷനും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ പരിഹാരം കണ്ടെത്തണമെന്നാണ് ജസ്റ്റീസുമാരായ ബി.ആര്‍ ഗവായ്, വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധിയില്‍ വ്യക്തമാക്കിയത്. 2022 ജൂണ്‍ 30ന് മുന്‍പ് പരീക്ഷകള്‍ പാസായി കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ കാര്യത്തില്‍ മാത്രമാണ് ഈ നിര്‍ദേശം ബാധകമെന്നും ജസ്റ്റീസ് ഗവായി വാക്കാല്‍ പറഞ്ഞു.
     ഭാവിയില്‍ രാജ്യത്ത് ഡോക്ടര്‍മാര്‍ക്ക് ക്ഷാമം ഉണ്ടാകുന്ന കാലത്ത് ഈ വിദ്യാര്‍ഥികള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഇത്രയും വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. അവരുടെ കുടുംബങ്ങളും ദുഖത്തിലാഴുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഒരു റിപ്പബ്ലിക് ദിന സമ്മാനമായി ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് ജസ്റ്റീസ് ഗവായ് വാക്കാല്‍ പറഞ്ഞു. ഇതൊരു മനുഷ്വത്വ പരമായ വിഷയമായി കണക്കാക്കണമെന്നും ഉത്തരവ് ആരോഗ്യ മന്ത്രാലയത്തിനും മെഡിക്കല്‍ കൗണ്‍സിലിനും കൈമാറണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോടും അഭിഭാഷകന്‍ ഗൗരവ് ശര്‍മയോടും കോടതി നിര്‍ദേശിച്ചു.
    ചൈനയില്‍ നിന്നും യുക്രെയ്‌നില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴി പഠനം നടത്തി കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഇവര്‍ക്ക് ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഇനിയെന്താണ് തടസമെന്നും കോടതി ചോദിച്ചു. പഠിച്ചിരുന്ന രാജ്യങ്ങളില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടു കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടും ഇവര്‍ക്ക് ക്ലിനിക്കല്‍ പരിശീലനം നടത്താന്‍ കഴിയാത്തത്. യുക്രെയ്‌നിലേക്കും മറ്റും വിദ്യാര്‍ഥികള്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത സാഹചര്യങ്ങളുമാണുള്ളത്. അതിനാല്‍ തന്നെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ അല്ലെന്ന വാദം മാറ്റി വെച്ച് അവര്‍ ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതെന്ന കാര്യം പരിഗണിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. പ്രശ്‌നത്തില്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
    ചൈനയിലും യുക്രെയ്‌നിലും നിന്നു മടങ്ങി 500 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആണുള്ളത്. ഇവര്‍ ഏഴു സെമസ്റ്ററുകള്‍ നേരിട്ടും മൂന്നെണ്ണം ഓണ്‍ലൈന്‍ വഴിയും പഠനം പൂര്‍ത്തിയാക്കിയതാണ്. വിദ്യാര്‍ഥികള്‍ അഭിമുഖീകരിച്ച ദുര്‍ഘടങ്ങള്‍ പരിഗണിച്ച് എത്രയും വേഗം പരിഹാരം കണ്ടെത്തിയേ മതിയാകൂ എന്നും കോടതി നിര്‍ദേശിച്ചു.
    

 

Latest News