റിയാദ് - ഉടലുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്ന നൈജീരിയന്‍ സയാമിസ് ഇരട്ടകളായ ഹസാനയെയും ഹസീനയെയും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദില്‍ എത്തിച്ചു. സൗദി അറേബ്യ അയച്ച എയര്‍ ആംബുലന്‍സിലാണ് മാതാപിതാക്കള്‍ക്കൊപ്പം സയാമിസ് ഇരട്ടകള്‍ റിയാദില്‍ എത്തിയത്.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ കുട്ടികളെ പരിശോധനകള്‍ക്കായി നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് നൈജീരിയന്‍ സയാമിസ് ഇരട്ടകളെ സൗദിയിലെത്തിച്ച് സൗജന്യമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശം നല്‍കിയത്.
തങ്ങളുടെ തീരാദുരിതത്തിന് അറുതിയെന്നോണം സല്‍മാന്‍ രാജാവിന്റെ കാരുണ്യം തേടിയെത്തിയതു മുതല്‍ തങ്ങള്‍ ആഹ്ലാദത്തിലാണെന്ന് കുട്ടികളുടെ മാതാപിതാക്കളായ ഉമര്‍ റയാനോയും നൂറ റാലിയയും പറഞ്ഞു. സല്‍മാന്‍ രാജാവിനോടുള്ള നന്ദിയും കടപ്പാടും ഇരുവരും പ്രകടിപ്പിക്കുകയും ചെയ്തു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുക.