ദോഹ - റയല്‍ മഡ്രീഡിന്റെ ഇറ്റലിക്കാരനായ കോച്ച് കാര്‍ലൊ ആഞ്ചലോട്ടിയാണ് ബ്രസീല്‍ ടീമിലെത്താന്‍ സഹായിച്ചതെന്ന് വിനിസിയീസ് ജൂനിയര്‍. സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം കിട്ടുമോയെന്നറിയാതെയാണ് ഇരുപത്തിരണ്ടുകാരന്‍ ഖത്തറിലെത്തിയത്. പക്ഷെ ഇപ്പോള്‍ ടീമിലെ ആദ്യ പേരുകാരനാണ് വിനിസിയൂസ്.
ആഞ്ചലോട്ടിയുടെ ഉപദേശമാണ് എന്നെ സഹായിച്ചത്. പലപ്പോഴും കര്‍ക്കശ സമീപനമായിരുന്നു സ്വീകരിച്ചത്. എനിക്ക് അദ്ദേഹം പിതാവിനെ പോലെയാണ്. സ്ഥിരമായി അദ്ദേഹം സന്ദേശമയക്കാറുണ്ട് -വിനിസിയൂസ് പറഞ്ഞു. താനുമായി മാത്രമല്ല ബ്രസീല്‍ കോച്ച് ടിറ്റെയുമായും ആഞ്ചലോട്ടി നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്ന് സ്‌ട്രൈക്കര്‍ വെളിപ്പെടുത്തി.
സിനദിന്‍ സിദാന്‍ കോച്ചായ കാലത്ത് വിനിസിയൂസിന് റയല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആഞ്ചലോട്ടി എത്തിയതോടെ താരത്തിന് ആത്മവിശ്വാസമേകി.
മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുമുണ്ട് വിനിസിയൂസിന്. ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങള്‍ക്കെതിരെ അണിനിരക്കുന്ന ലൂക്ക മോദ്‌റിച്ചില്‍ നിന്ന് ഏറെ പഠിച്ചതായും വിനിസിയൂസ് പറഞ്ഞു. തെക്കന്‍ കൊറിയക്കെതിരെ നാലാം ഗോളടിക്കാന്‍ ലുക്കാസ് പക്വീറ്റക്ക് പുറംകാല്‍ കൊണ്ട് നല്‍കിയ പാസ് മോദ്‌റിച്ചില്‍ നിന്നാണ് പഠിച്ചത്. മോദ്‌റിച്ചിനെതിരെ കളിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. മികച്ച ടീം ജയിക്കട്ടെ -വിനിസിയൂസ് പറഞ്ഞു. വിനിസിയൂസും മോദ്‌റിച്ചും റയല്‍ താരങ്ങളാണ്.