തിരുവനന്തപുരം - പാറശാല ഷാരോൺ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ കോടതിയിൽ മൊഴിമാറ്റി. ക്രൈം ബ്രാഞ്ചിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് കുറ്റസമ്മതം നടത്തിയതെന്നാണ് ഗ്രീഷ്മ കോടതിയിൽ രഹസ്യമൊഴി നൽകിയത്. കേസിൽനിന്നും തന്റെ അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നാണ് പ്രതിയുടെ രഹസ്യ മൊഴി. വിഷക്കഷായം നൽകി കാമുകനായ ഷാരോൺരാജിനെ കൊലപ്പെടുത്തിയതാണെന്ന് പ്രതി നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു.
കൊലപ്പെടുത്താനായി പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നല്കിയതായി ഗ്രീഷ്മ കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നല്കിയിരുന്നു. എന്നാൽ രഹസ്യമൊഴിയിൽ ഇതെല്ലാം നിഷേധിച്ചു. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചത്. കേസിൽനിന്ന് രക്ഷപ്പെടാൻ അഭിഭാഷകൻ പറഞ്ഞുപഠിപ്പിച്ചത് പാടുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രതി മൊഴി എത്ര തന്നെ മാറ്റിയാലും തെളിവുകളെല്ലാം അവർക്ക് എതിരായി സംസാരിക്കുമെന്നും അന്വേഷണ സംഘം പറയുന്നു. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാരൻ നായർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും തെളിവ് നശിപ്പിച്ചതിലും ഇരുവർക്കും പങ്കുള്ളതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.