നെടുമ്പാശേരി- ബട്ടണ്‍ രൂപത്തിലാക്കി ട്രോളിയില്‍ ഒളിപ്പിച്ച് അതിവിദഗ്ധമായി കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ദുബൈയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദാണ് 140 ഗ്രാം സ്വര്‍ണം നാല് ബട്ടന്‍സുകളുടെ രൂപത്തിലാക്കി അനധികൃതമായി കടത്താന്‍ ശ്രമിച്ചത്.
വിമാനത്തില്‍ നിന്നിറങ്ങിയ ഇയാള്‍ സ്വര്‍ണം ട്രോളിയിയുടെ കൈപ്പിടിയിലേക്ക് മാറ്റിയ ശേഷം അതിന്മേല്‍ ബാന്‍ഡേജ് ഒട്ടിച്ചു. അതിനുശേഷം ടിഷ്യൂ പേപ്പറുകള്‍ കൊണ്ട് പൊതിഞ്ഞു.
കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാള്‍ ട്രോളിയില്‍ നിന്നും കൈമാറ്റുവാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് അനധികൃതമായി കടത്തുവാന്‍ സ്വര്‍ണം കണ്ടെടുത്തത് . സ്വര്‍ണ്ണം സ്ഥിരമായി കടത്തുവാന്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന്റെ രീതികള്‍ എയര്‍ കസ്റ്റംസ് നടത്തുന്ന പരിശോധനകളിലുടെ പിടിക്കപ്പെടുവാന്‍ തുടങ്ങിയതോടെ പുത്തന്‍ രീതികള്‍ ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുകയാണ് കള്ളക്കടത്ത് സംഘം