Sorry, you need to enable JavaScript to visit this website.

പാട്ട് കേട്ട് ഹരം പിടിച്ചു; ഒരുമിച്ച് പാടി,  പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി 

ബേക്കല്‍-പാട്ട് ആപ്പിലൂടെ പരിചയപ്പെട്ട് ഒപ്പം പാടിയ ഭര്‍തൃമതിയായ 25കാരി പാട്ടുകാരനൊപ്പം നാടുവിട്ടു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരന്‍ ഫിറോസിനൊപ്പം നാടുവിട്ടത്. ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസുള്ള രണ്ട് മക്കള്‍ക്കൊപ്പം കാണാതായത്. രാത്രി 10.45 മണിക്കും രാവിലെ ഒമ്പത് മണിക്കുമിടയിലാണ് മക്കളുമായി യുവതി വീടുവിട്ടത്.
ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയും മക്കളും വയനാട്ടിലെ പാട്ടുകാരനൊപ്പമാണെന്ന് കണ്ടെത്തിയത്. പോലീസ് ഇവരെ ബന്ധപ്പെട്ടപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഇരുവരും ബേക്കല്‍ പോലീസില്‍ ഹാജരായി.
രണ്ട് മാസം മുന്‍പാണ് ആപ്പില്‍ ചേര്‍ന്ന് ഇരുവരും ഒന്നിച്ച് പാടാന്‍ തുടങ്ങിയത്. ഭാര്യയും അഞ്ചുവയസും നാലു മാസവും പ്രായമായ മക്കളും യുവാവിനുണ്ട്. ഒന്നിച്ചു പാട്ടു പാടി ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വാടക ക്വാര്‍ടേഴ്സിലാണ് യുവാവ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. എല്ലാ വിവരവും അറിഞ്ഞു കൊണ്ട് തന്നെയാണ് യുവതി വീടുവിട്ടതെന്നാണ് വിവരം.
സംഭവ ദിവസം പുലര്‍ച്ചെ വയനാട്ടില്‍ നിന്നും കാറുമായി വന്ന് ഫിറോസ് യുവതിയേയും മക്കളെയും കൂട്ടി പോകുകയായിരുന്നു. ഭാര്യ കാമുകനൊപ്പം നാടുവിട്ട വിവരമറിഞ്ഞ് ഭര്‍ത്താവ് വിദേശത്ത് നിന്നും തിങ്കളാഴ്ച നാട്ടില്‍ എത്തി. ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതി കോടതിയില്‍ നിന്നും ഫിറോസിനൊപ്പം പോയി. രണ്ട് മക്കളെയും പിതാവ് കോടതിയില്‍ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.
 

Latest News