ന്യൂദൽഹി- ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം അടക്കമുള്ള സംഘടനകളുടെ പതാക നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ഉത്തർപ്രദേശ് ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്‌വിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റീസ് എൻ.വി രാമണ്ണ, അബ്ദുൽ നാസർ എന്നിവരടങ്ങിയ ബെഞ്ചിലായിരുന്നു ഈ കേസ് എത്തിയിരുന്നത്. എന്നാൽ, ഈ ബെഞ്ചിന് ഈ കേസ് പരിഗണിക്കാനാകില്ലെന്നും മറ്റൊരു ബെഞ്ചിനെ സമീപിക്കാനും ജസ്റ്റീസ് രാമണ്ണ ആവശ്യപ്പെട്ടു.
1906-ൽ മുസ്ലിം ലീഗ് സ്ഥാപകരായ നവാസ് വഖാറുൽ മാലിക്കും മുഹമ്മദലി ജിന്നയുമാണ് ഈ പതാക തെരഞ്ഞെടുത്തതെന്നും എന്നാൽ സ്വാതന്ത്ര്യം കിട്ടിയ ശേഷവും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഈ പതാക ഉപയോഗിക്കുന്നുണ്ടെന്നും ഇസ്ലാമിക പതാകയായാണ് ഇതിനെ പരിഗണിക്കുന്നതെന്നുമാണ് ഹരജിക്കാരന്റെ വാദം. ശത്രുരാജ്യത്തിന്റെ പതാകയോട് സമാനമായ പതാക ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങളിൽ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.