ന്യൂദല്‍ഹി- യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഏകപക്ഷീയ നിയന്ത്രണത്തിനുള്ള ചൈനയുടെ ശ്രമങ്ങള്‍ വെച്ചുപൊറുപ്പില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചൈന തുടരുകയോ രാജ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയില്‍ മുന്നോട്ട് നീങ്ങില്ലെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ഇന്ത്യ റഷ്യയില്‍നിന്ന് ഇന്ധനം വാങ്ങുന്നത് വിപണിയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ കമ്പനികള്‍ക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. ഏറ്റവും മികച്ച ഓപ്ഷന്‍ ലഭിക്കുന്ന സ്ഥലത്ത് നിന്ന് എണ്ണ വാങ്ങിക്കോളാനാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം പൂര്‍ണമായും വിപണിയെ ആശ്രിച്ചിരിക്കുന്നതാണ്. ഇന്ത്യന്‍ ജനതയുടെ താത്പര്യം മുന്‍നിര്‍ത്തി മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നയം സ്വീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
ആഗോള തലത്തില്‍ ഇന്ത്യയുടെ സാന്നിധ്യം വലിയ രീതിയില്‍ വളര്‍ന്നിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ വിദേശത്തുള്ള നിരവദി ലോക നേതാക്കളുമായി ചര്‍ച്ച നടത്തി. ഐക്യരാഷ്ട്ര സഭയുടെ തലവന്‍ ഉള്‍പ്പെട നിരവധി പ്രമുഖര്‍ രാജ്യം സന്ദര്‍ശിച്ചു. പ്രതിബന്ധങ്ങളും മത്സരങ്ങളും നിറഞ്ഞ ലോക്തത് ദേശീയ താത്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഖത്തറിലെ നാവിക ഉദ്യോഗസ്ഥരുടെ വിഷയത്തില്‍ ഇന്ത്യന്‍ അംബാസിഡറും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖത്തര്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.