ജിദ്ദ - കോഴിക്കോട്ട് നിന്ന് റിയാദിലേക്കുള്ള ഐ.എക്‌സ് 321 നമ്പർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ തനിച്ചു യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദ് തന്റെ പാസ്‌പോർട്ട് വിമാനത്തിനകത്ത് മറന്നുവെച്ച വിവരം റിയാദ് എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് അമ്പരപ്പോടെ അറിയുന്നത്. ഇന്നലെ (ചൊവ്വ) രാത്രി 11. 18 നാണ് വിമാനം ലാൻഡ് ചെയ്തത്. പാസ്‌പോർട്ട് വെച്ച ബാഗ് എടുക്കാൻ മറന്ന യാത്രക്കാരി ഉടനെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ പറഞ്ഞത് തെരച്ചിൽ നടത്തിയപ്പോൾ വിമാനത്തിനകത്തെ സീറ്റുകളിലൊന്നും പാസ്‌പോർട്ട് കണ്ടെത്താനായില്ലെന്നാണ്. അതിനിടെ, വിശദമായ പരിശോധന നടത്തുംമുമ്പേ കോഴിക്കോട്ടേക്കുള്ള യാത്രക്കാരെയും വഹിച്ച് വിമാനം തിരിച്ചുപറക്കുകയും ചെയ്തു.
എമിഗ്രേഷൻ കൗണ്ടറിൽ നിന്നു പുറത്തിറങ്ങാനാവാതെ ഇപ്പോഴും എയർപോർട്ടിൽ തനിച്ച് കാത്തിരിക്കുകയാണ് സക്കീന. വിവരമറിഞ്ഞ് നാട്ടിലുള്ള മകൻ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും എയർപോർട്ട് മേധാവിയേയും ചെന്നുകണ്ട് പരാതിപ്പെട്ടതിനെത്തുടർന്ന് വിമാനത്തിനകത്ത് വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ സക്കീനയുടെ പാസ്‌പോർട്ട് കിട്ടിയതായി അറിഞ്ഞു. ഈ വിമാനം ഇനി ഇന്ന് അർധരാത്രി റിയാദിലെത്തുകയും പാസ്‌പോർട്ട് സക്കീനയ്ക്ക് കൈമാറുകയും ചെയ്യുന്നത് വരെ അവർ കാത്തിരിക്കേണ്ടതായി വരും. എന്തായാലും പാസ്‌പോർട്ട് തിരികെക്കിട്ടിയ ആശ്വാസത്തിലാണ് പല തവണ വിമാന യാത്ര ചെയ്തിട്ടുള്ള സക്കീന. ഇന്നലെ റിയാദിൽ നിന്നു മടങ്ങുംമുമ്പേ വിമാനത്തിനകത്ത് വിശദപരിശോധന നടത്തിയിരുന്നുവെങ്കിൽ നഷ്ടപ്പെട്ട പാസ്‌പോർട്ട് തിരികെ കിട്ടിയേനെ എന്നും അവർ പറയുന്നു. ഏതായാലും തന്റെ പാസ്‌പോർട്ടുമായി വരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് നോക്കി എയർപോർട്ട് എമിഗ്രേഷനു പുറത്ത് കാത്തിരിക്കുന്ന അവരുടെ ഈ അനുഭവത്തിൽ നിന്നുള്ള ഗുണപാഠം: വിമാനം കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടു തവണയെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്തുക: സ്വന്തം പാസ്‌പോർട്ട് കൈവശമുണ്ടെന്ന കാര്യം.