ലഖ്‌നൗ- ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ പെണ്‍കുട്ടിയെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാല്‍, അതിനേക്കാള്‍ വിചിത്രം പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന കേസില്‍ ഏഴ് വര്‍ഷമായി ഒരാള്‍ തടവ് അനുഭവിച്ചു എന്നതാണ്. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം നടന്നത്.
വിഷ്ണു എന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അകത്തുപോയ യുവാവിന്റെ പേര്. ഏഴ് വര്‍ഷത്തെ തടവാണ് കോടതി വിഷ്ണുവിന് വിധിച്ചിരുന്നത്. എന്നാല്‍, പെണ്‍കുട്ടി ഉത്തര്‍ പ്രദേശിലെ തന്നെ ഹത്രാസ് ജില്ലയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടി തന്റെ കാമുകനുമായി ഒളിച്ചോടി എന്നും പിന്നീട് വിവാഹിതരായി എന്നും പോലീസ് പറയുന്നു. പിന്നീട് ദമ്പതികള്‍ ഹത്രാസ് ജില്ലയിലേക്ക് താമസം മാറി.
2015 ഫെബ്രുവരിയിലാണ് അന്ന് പത്താം ക്ലാസുകാരിയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുന്നത്. കേസിലെ പ്രധാന പ്രതിയായി സംശയിച്ചിരുന്നത് വിഷ്ണുവിനെയായിരുന്നു. കുറേ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അതിനിടയില്‍ ആഗ്രയില്‍ നിന്നും ഒരു ശവശരീരം കിട്ടുകയും അത് മകളുടേതാണ് എന്ന് കാണാതായ പെണ്‍കുട്ടിയുടെ പിതാവ് സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ വിഷ്ണുവിനെതിരെ തട്ടിക്കൊണ്ടുപോകലും കൊലപാതകക്കുറ്റവും ചുമത്തി.
എന്നാല്‍, വിഷ്ണുവിന്റെ അമ്മ തന്റെ മകന്‍ നിരപരാധി ആണെന്നും പെണ്‍കുട്ടിയെ കൊന്നിട്ടില്ല എന്നും ഉറച്ച് വിശ്വസിച്ചു. അടുത്തിടെ പെണ്‍കുട്ടി ജീവനോടെയുണ്ട് എന്ന വിവരം അവര്‍ക്ക് കിട്ടുകയായിരുന്നു. അങ്ങനെ, വിഷ്ണുവിന്റെ അമ്മയായ സുനിത അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനിയെ സമീപിച്ചു. 'മരിച്ച' പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്നും, മാത്രമല്ല അവളിപ്പോള്‍ വിവാഹിതയാണെന്നും സുനിത പോലീസ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതും ഹത്രാസില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുന്നതും.
ഏതായാലും, പെണ്‍കുട്ടി നേരത്തെ കാണാതായ അതേ പെണ്‍കുട്ടി തന്നെയാണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി ഡിഎന്‍എ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെട്ട് പോലീസ് അവളെ അലിഗഡ് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി തന്റെ മകളാണ് എന്ന് പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്.
അന്ന് കണ്ടെത്തി സംസ്‌കരിച്ച മൃതദേഹം ആരുടേതായിരുന്നു? എന്തുകൊണ്ട് ഈ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. വിഷ്ണു എന്തുകൊണ്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് താനാണ് എന്ന് സമ്മതിച്ചിട്ടുണ്ടാവുക? എന്നീ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാവുകയാണ്.