Sorry, you need to enable JavaScript to visit this website.

ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: എഎപിയും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 

ന്യൂദല്‍ഹി-ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.  കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് പുറത്ത് വരുന്ന ഫലങ്ങള്‍ കാണിക്കുന്നത്.
114 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ 124 സീറ്റുകളില്‍ എഎപിക്ക് ലീഡുണ്ട്. 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റമുള്ളത്. 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് തിരിച്ചടിയാണ് നിലവിലെ ഫലം വ്യക്തമാക്കുന്നത്.
15 വര്‍ഷമായി തുടര്‍ച്ചയായി ബി.ജെ.പിയാണ് ദല്‍ഹി കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 2017ല്‍ നടന്ന അവസാന എം.സി.ഡി. തെരഞ്ഞെടുപ്പില്‍ 53 ശതമാനമായിരുന്നു പോളിങ്. അന്നു ബി.ജെ.പിക്ക് 181 വാര്‍ഡുകള്‍ നേടാനായി. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി.ക്ക് 48 വാര്‍ഡിലും കോണ്‍ഗ്രസിന് 27 വാര്‍ഡിലുമായിരുന്നു ജയിക്കാനായത്.
250 വാര്‍ഡുള്ള കോര്‍പ്പറേഷനിലേക്ക് 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. മൂന്നുകൂട്ടരും വിജയപ്രതീക്ഷയിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എ.എ.പിക്ക് അനുകൂലമായിരുന്നു.
1958ല്‍ സ്ഥാപിതമായ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയില്‍ കോര്‍പ്പറേഷനുകളെ കേന്ദ്രസര്‍ക്കാര്‍ ലയിപ്പിച്ചു.

Latest News