കൊൽക്കത്ത- രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് പലയിടത്തും സംഘർഷം നിലനിൽക്കെ പശ്ചിമ ബംഗാളിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തുടങ്ങി. 38616 ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ രാവില ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. ആകെയുള്ള 58692 സീറ്റുകളിൽ 20163 സീറ്റുകളിൽ ത്രിണമൂൽ കോൺഗ്രസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചായത്തീരാജ് സംവിധാനം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്.
മുഖ്യ പ്രതിപക്ഷമാകാൻ സാധിക്കുമെന്ന് ബി.ജെ.പി കരുതുന്ന തെരഞ്ഞെടുപ്പ് ഇടതു പാർട്ടികൾക്കും കോൺഗ്രസിനും നിലനിൽപിനായുള്ള പോരാട്ടമാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.