മൊറോക്കൊ 0 (3)-സ്‌പെയിന്‍ 0 (0)
ദോഹ - അറബ് ലോകത്തെ ആദ്യ ലോകകപ്പില്‍ അറബ്, ആഫ്രിക്കന്‍ പതാകയേന്തി മൊറോക്കോയുടെ ചെമ്പട ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഷൂട്ടൗട്ടിലേക്ക് നീണ്ട ത്രസിപ്പിച്ച പ്രി ക്വാര്‍ടര്‍ ഫൈനലില്‍ ഗോളി യാസീന്‍ ബൂനുവാണ് ടീമിനെ ചുമലിലേറ്റിയത്. സ്‌പെയിനിന്റെ യുവനിരയെ ഇഞ്ചോടിഞ്ച് മത്സരത്തില്‍ ഗോളടിക്കാതെ പിടിച്ചുകെട്ടിയ മൊറോക്കൊ പിരിമുറുക്കം പാരമ്യത്തിലെത്തിയ ഷൂട്ടൗട്ടില്‍ മനക്കരുത്തിന്റെ ഉരുക്ക് മനുഷ്യരായി. സ്‌പെയിനിന്റെ മൂന്നു കിക്കുകളും പാഴായി. മൊറോക്കോയുടെ നാലു കിക്കുകളില്‍ മൂന്നും ലക്ഷ്യം കണ്ടു. സ്‌പെയിനില്‍ ജനിക്കുകയും വളരുകയും ചെയ്ത അശ്‌റഫ് ഹകീമി മൊറോക്കോയുടെ നിര്‍ണായകമായ കിക്ക് വലയിലെത്തിച്ചു.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ടീമുകള്‍ ഇഞ്ചോടിഞ്ച് പൊരുതി. സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ കൂടുതല്‍ മൊറോക്കോക്കായിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനോട് തോറ്റ ടീമില്‍ നിന്ന് സ്‌ട്രൈക്കര്‍മാരായ ആല്‍വരൊ മൊറാറ്റയെയും മാര്‍ക്കൊ അസന്‍സിയോയെയും ഒഴിവാക്കി. പതിനെട്ടുകാരന്‍ ഗാവി ലോകകപ്പ് നോക്കൗട്ടില്‍ പെലെക്കു ശേഷം കളിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനായി.
ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ ആദ്യ കിക്കെടുത്ത പാബലൊ സറാബിയ പോസ്റ്റിലേക്ക് പന്തടിച്ചു. പകരക്കാരനായിറങ്ങിയ സറാബിയ എക്‌സ്ട്രാ ടൈമിലെ അവസാന ഷോട്ടിലും പന്ത് പോസ്റ്റിനിടിച്ച് അവസരം പാഴാക്കിയിരുന്നു. മറ്റൊരു പകരക്കാരന്‍ കാര്‍ലൊ സോളറിന്റെയും ക്യാപ്റ്റന്‍ സെര്‍ജിയൊ ബുസ്‌ക്വെറ്റിന്റെയും ഷോട്ടുകള്‍ മൊറോക്കൊ ഗോളി യാസീന്‍ ബൂനു തടുത്തു. ബുസ്‌ക്വെറ്റ്‌സിന് യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്റിനെതിരായ ഷൂട്ടൗട്ടിലും കിക്ക് പിഴച്ചിരുന്നു. മൊറോക്കോയുടെ ആദ്യ രണ്ട് കിക്കെടുത്ത അബ്ദുല്‍ ഹമീദ് സബീരിയും ഹകീം സിയേഷും അനായാസം ലക്ഷ്യം കണ്ടു. എന്നാല്‍ പകരക്കാരനായി വന്ന ബദര്‍ ബിനൂന്റെ മൂന്നാമത്തെ കിക്ക് ഉനായ് സിമോണ്‍ രക്ഷിച്ചു. ബദറിന് പിഴച്ചതോടെ സ്‌പെയിനിന് നേരിയ വാതില്‍ തുറന്നതായിരുന്നു. എന്നാല്‍ സ്‌പെയിനിന്റെ മൂന്നാം കിക്കെടുത്ത ബുസ്‌ക്വെറ്റ്‌സിന് ലക്ഷ്യം കാണാനായില്ല. മൊറോക്കോയുടെ നാലാമത്തെ പെനാല്‍ട്ടി മഡ്രീഡില്‍ ജനിച്ചുവളര്‍ന്ന അശ്‌റഫ് ഹകീമി ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌പെയിന്‍ കളിക്കാര്‍ ദുഃഖം താങ്ങാനാവാതെ ഗ്രൗണ്ടിലേക്ക് വീണു. 120 മിനിറ്റ് കളിച്ചിട്ടും ഷൂട്ടൗട്ടില്‍ 12 വാര അകലെ മൂന്നു തവണ അടിച്ചിട്ടും ഗോള്‍ കാണാനാവാതെ പോയ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ അര്‍ഹിക്കുന്നുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം സര്‍വം നല്‍കി മൊറോക്കോയുടെ ചെമ്പട പ്രതിരോധിച്ചു.
എക്‌സട്രാ ടൈമില്‍ ഒരു തവണ ഗോളി യാസീന്‍ ബൂനൂവിന്റെ ഡൈവിംഗ് സെയവും അവസാന സെക്കന്റുകളില്‍ പോസ്റ്റും മൊറോക്കോക്ക് രക്ഷയേകി. ആഫ്രിക്കന്‍ വന്‍കരയുടെ അവശേഷിക്കുന്ന ഏക പ്രതിനിധികളായ മൊറോക്കോ ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ പലതവണ ഗോളിനടുത്തെത്തി. അശ്‌റഫ് ഹകീമിയും ഹകീം സിയേഷും പലതവണ സ്പാനിഷ് പ്രതിരോധം തുറന്നെടുത്തു. സ്‌പെയിന്‍ നിരയില്‍ ഗാവിയും മൊറോക്കൊ പിന്‍നിരയില്‍ സുഫിയാന്‍ ബൂഫലും എല്ലാം മറന്ന് കളിച്ചു.
രണ്ടാം പകുതിയില്‍ സ്‌പെയിനിനു കിട്ടിയ മികച്ച അവസരം പകരക്കാരന്‍ മൊറാറ്റ പാഴാക്കി. ചെല്‍സിയില്‍ മൊറാറ്റയുടെ സഹതാരം ഹകീം സിയേഷ് മറുവശത്ത് മൊറോക്കോക്ക് കിട്ടിയ അവസരം തുലച്ചു.