Sorry, you need to enable JavaScript to visit this website.

സ്പീക്കർ ചെയറിൽ തീക്കനൽ! സംഭവമാക്കൽ ജനാധിപത്യത്തിലെ പ്രതിസന്ധി; ആദ്യ ദിനം ടി.പിക്ക് സമർപ്പിച്ച് കെ.കെ രമ

തിരുവനന്തപുരം - സ്പീക്കർ ചെയറിലിരുന്ന് നിയമസഭാ നടപടികൾ നിയന്ത്രിച്ച ആദ്യനുഭവം പങ്കുവെച്ചും പ്രിയതമൻ സഖാവ് ടി.പിക്കു സമർപ്പിച്ചും ആർ.എം.പി എം.എൽ.എ കെ.കെ രമ. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയതെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. 
 എങ്കിലും സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ്വ നിമിഷത്തിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭ നിയന്ത്രിക്കാനുള്ള പാനലിലെ അംഗങ്ങൾ മുഴുവന് വനിതകളായത് ഇത് ആദ്യമാണ്. 
  കെ കെ രമയുടെ എഫ്.ബി കുറിപ്പിന്റെ പൂർണരൂപം:
  ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചു. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്‌നേഹമറിയിക്കുന്നു.
എങ്കിലും സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭം. ഈ അഭിമാനനിമിഷം സഖാവ് ടി പിക്ക് സമർപ്പിക്കുന്നു.
 

Latest News