തൃക്കരിപ്പൂര്‍- വയലോടിയിലെ യുവാവിന്റെ മരണം സദാചാര കൊലയെന്ന് പോലീസ്. വയലോടി സ്വദേശി പ്രിജേഷ് എന്ന പ്രീയേഷിന്റെ കൊലയുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചന്തേര പൊലീസ് അറസ്സ് ചെയ്തു. തൃക്കരിപ്പൂര്‍ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ് (22) , മുഹമ്മദ് റഹ്നാസ് (23) എന്നിവരെയാണ് ചന്തേര സി.ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. കൊലയില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന പൊറോപ്പാട് സ്വദേശി സഫ് വാന്‍ (25) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡിവൈ. എസ്. പി പി. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചന്തേര പോലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ഒരു സംഘം യുവാക്കള്‍ പ്രജേഷിനെ പൊറോപ്പട്ടെ ഒരു സ്ത്രീയുടെ വീടിന്റെ മുന്നില്‍ വെച്ചും തോട്ടിന്റെ കരയില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചത്. സ്ത്രീയുടെ വീട്ടിന്റെ കുളിമുറിക്ക് സമീപം അസമയത്ത് എത്തിയെന്ന് ആരോപിച്ചാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിജേഷിനെ പിടികൂടിയത്. തുടര്‍ന്ന് യുവാവിനെ തോട്ടിലെ ചെളിയില്‍ മുക്കുകയും മരകഷണങ്ങള്‍ കൊണ്ടും മറ്റും അടിച്ചു പരിക്കേല്‍പ്പിച്ചു. മര്‍മ്മസ്ഥാനത്ത് അടിയേറ്റ യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രീജേഷ് മരിച്ചെന്ന് ഉറപ്പാക്കിയ സംഘം ബുള്ളറ്റില്‍ ഇരുത്തി വീടിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രിജേഷിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ പ്രതി ഷബാസിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മൂന്നു പേര്‍ കൂടി സംഭവത്തില്‍ ഉണ്ടെന്നും ഇവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ ഷബാസ് ബംഗളുരുവിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. റഹ്നാസ് മലേഷ്യയില്‍ നിന്ന് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനില്‍ നിന്ന് ഇന്‍സ്പെക്ടര്‍ പി. നാരായണന്‍ പ്രാഥമിക മൊഴി ശേഖരിച്ചിരുന്നു. അടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതികളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയത്. അതേസമയം മാതാവിന്റെ നിലവിളി കേട്ടാണ് തങ്ങള്‍ വീട്ടില്‍ എത്തിയതെന്നും അപ്പോഴാണ് യുവാവിനെ കുളിമുറിക്ക് സമീപം കണ്ടതെന്നുമാണ് പ്രതി ഷബാസ് പോലീസിനോട് പറഞ്ഞത്. ഇയാളുടെ 33 കാരിയായ മാതാവിനെയും പോലീസ് വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു.എന്നാല്‍ കൊല്ലപ്പെട്ട യുവാവിനെ രാത്രി ഫോണ്‍ വിളിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. വയലോടി സ്വദേശി കുട്ടന്‍ എന്ന പ്രിജേഷി( 35) നെ സഹോദരനാണ് തിങ്കളാഴ്ച രാവിലെ വീടിന്റ തൊട്ടടുത്ത പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം ബുള്ളറ്റിന് സമീപം മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്‍ - അമ്മിണി ദമ്പതികളുടെ മകനാണ്.