അബുദാബി- ഒരു രാഷ്ട്രത്തലവന്റെ ദിനം എത്ര തിരക്കിലായിരിക്കും? യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സംഭവബഹുലമായ കഴിഞ്ഞ 24 മണിക്കൂര്‍ കാണുക. ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥനെ സ്വീകരിച്ചു, ഖത്തറിലേക്ക് പോയി, തിരികെ പറന്നു, ഒരു പ്രസിഡന്റിനെ കണ്ടു, ഒരു രാജാവിനെ സ്വാഗതം ചെയ്തു- എല്ലാം 24 മണിക്കൂറിനുള്ളില്‍.
ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാത്രി വൈകും വരെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക ജോലിയില്‍ വ്യാപൃതനായിരുന്നു. എന്നിട്ടും ജനങ്ങളുടെ പ്രസിഡന്റ് ക്ഷീണത്തിന്റെ ലവലേശമില്ലാതെ എല്ലായിടത്തും പുഞ്ചിരിച്ചുകൊണ്ട് കടന്നു വരുന്നു.
തന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കുന്ന ജനനേതാവായാണ് ശൈഖ് മുഹമ്മദ് അറിയപ്പെടുന്നത്. അദ്ദേഹം ഒരു ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്നു, വാര്‍ഷിക അവധികള്‍ ഒരാഴ്ചയില്‍ കവിയുന്നില്ല.
ഞായറാഴ്ച വൈകുന്നേരം അബുദാബിയിലെ കാസര്‍ അല്‍ ഷാതി പാലസില്‍ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അടുത്ത ദിവസം രാവിലെ 11 മണിയോടെ അദ്ദേഹം ഖത്തറിലേക്ക് പറന്നു, അവിടെ അദ്ദേഹം രാജ്യത്തിന്റെ അമീര്‍, ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ കണ്ടു. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തതിനു പുറമേ, 'അറബ് ലോകത്തിന് അഭിമാനത്തിന്റെ ഉറവിടം' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ വിജയിച്ച ശൈഖ് തമീമിനെയും ഖത്തര്‍ ജനതയെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഉച്ചകഴിഞ്ഞ് 3.18 ന് അദ്ദേഹം ദോഹയില്‍നിന്ന് തലസ്ഥാനത്തേക്ക് തിരിച്ചു. അബുദാബി ബഹിരാകാശ സംവാദത്തിനായി എമിറേറ്റ്‌സില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ സ്വാഗതം ചെയ്തു.
തുടര്‍ന്ന്, തിങ്കളാഴ്ച വൈകുന്നേരത്തോടെ, മലേഷ്യയിലെ രാജാവ് അല്‍സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷാക്കൊപ്പം അദ്ദേഹം ഇരുന്നു. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്) പെട്രോനാസും തമ്മിലുള്ള ചരിത്രപരമായ കരാറില്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു.
ഈ ഔദ്യോഗിക ഇടപെടലുകളും മീറ്റിംഗുകളുമെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. തിരശ്ശീലയ്ക്ക് പിന്നില്‍ അദ്ദേഹം എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ആളുകള്‍ക്ക് സാക്ഷ്യപ്പെടുത്താനാകും.
'വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്തിന് മികച്ച ഭാവി ഉറപ്പാക്കുന്നതിനുള്ള വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതും നമ്മുടെ സൈനികര്‍ക്കൊപ്പം അദ്ദേഹം രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നതും കുറച്ചുപേര്‍ മാത്രമേ കാണുന്നുള്ളൂ- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരിക്കല്‍ ട്വിറ്ററില്‍ എഴുതിയിരുന്നു.
'മുഹമ്മദ് ബിന്‍ സായിദ്, നിങ്ങളുടെ നേതൃത്വത്തിനും നിര്‍ണ്ണായകതക്കും നിശ്ചയദാര്‍ഢ്യത്തിനും നന്ദി,' യു.എ.ഇ വൈസ് പ്രസിഡന്റ് എഴുതി.