Sorry, you need to enable JavaScript to visit this website.

സൗദിയും ചൈനയും 20 ലേറെ കരാറുകളില്‍ ഒപ്പുവെക്കും

റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് നാളെ റിയാദിലെത്തും. സല്‍മാന്‍ രാജാവിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും അധ്യക്ഷതയിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തിലും സൗദി-ചൈന ഉച്ചകോടി നടക്കും.
ഗള്‍ഫ്-ചൈന സഹകരണ, വികസന ഉച്ചകോടിയിലും അറബ്-ചൈന സഹകരണ, വികസന ഉച്ചകോടിയിലും ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും. ഗള്‍ഫ്, അറബ് ഭരണാധികാരികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. സര്‍വ മേഖലകളിലും ഗള്‍ഫ്, അറബ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെയും സാമ്പത്തിക, വികസന സഹകരണത്തെയും കുറിച്ച് ഉച്ചകോടികളില്‍ രാഷ്ട്ര നേതാക്കള്‍ വിശകലനം ചെയ്യും.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


സൗദി-ചൈന ഉച്ചകോടിക്കിടെ 11,000 കോടിയിലേറെ റിയാലിന്റെ 20 ലേറെ കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. സൗദി, ചൈന സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ചാര്‍ട്ടറിലും ഉച്ചകോടിക്കിടെ ഒപ്പുവെക്കും. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിക്കും ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനും ഇടയിലുള്ള സമന്വയ പദ്ധതിയും സൗദി, ചൈന സാംസ്‌കാരിക സഹകരണത്തിനുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അവാര്‍ഡും ഉച്ചകോടിക്കിടെ പ്രഖ്യാപിക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷമായി സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന. 2018 മുതല്‍ സൗദി അറേബ്യ ഏറ്റവുമധികം കയറ്റുമതി നടത്തുന്നത് ചൈനയിലേക്കാണ്. സൗദിയിലേക്ക് ഏറ്റവുമധികം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ചൈനയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ഉഭയകക്ഷി വ്യാപാരം 30,900 കോടി റിയാലായി ഉയര്‍ന്നു. 2020 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഉഭയകക്ഷി വ്യാപാരം 39 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യ ചൈനയിലേക്ക് 19,200 കോടി റിയാലിന്റെ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചു. ഇതില്‍ 4,100 കോടി പെട്രോളിതര കയറ്റുമതിയായിരുന്നു.
2005 മുതല്‍ 2020 വരെയുള്ള കാലത്ത് ചൈന അറബ് ലോകത്ത് നടത്തിയ ആകെ നിക്ഷേപങ്ങളുടെ 20.3 ശതമാനവും സൗദിയിലാണ്. ഇക്കാലയളവില്‍ ചൈന അറബ് ലോകത്ത് 19,690 കോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് നടത്തിയത്. ഇതില്‍ 3,990 കോടി ഡോളറും സൗദിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ചൈനക്ക് ഏറ്റവുമധികം എണ്ണ നല്‍കിയത് സൗദി അറേബ്യയായിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി 3.1 ശതമാനം തോതില്‍ വര്‍ധിച്ചു.
ചൈന-അറബ് ഉച്ചകോടിയില്‍ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News