മലപ്പുറം - സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തിയിട്ടില്ലെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും സി.ഐ.സി ജനറൽസെക്രട്ടറിയുമായ പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു. പോലീസിനും കോടതിക്കും മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കും. പരാതിയിൽ പറയുന്നതൊന്നും താൻ ചെയ്തിട്ടില്ലെന്നും ഇത്തരമൊരു കേസെടുക്കാൻ കാരണമായ കാര്യങ്ങളൊന്നും തന്നിൽ നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപത്തിന് ആഹ്വാനം ചെയ്തുവെന്നൊക്കെയാണ് പറയുന്നത്. തനിക്കത് തീരെ പരിചയമില്ലാത്ത കാര്യമാണ്. തനിക്കെതിരെ കുറെ കാലമായി ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിക്ക് പിന്നിൽ സമസ്തയിലെ തന്നെ ചിലരാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാൽനൂറ്റാണ്ടായി തന്നെ ചിലർ പിന്തുടരുന്നുണ്ട്. താൻ കൂടി പങ്കെടുത്ത് നടത്തുന്ന ചില കാര്യങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അതിൽ സന്തോഷമില്ലാത്ത ആളുകളുണ്ടാവും. ശൈലികൾ മാറണം. എന്നാൽ അങ്ങനെ ശൈലികൾ മാറരുതെന്ന് വിചാരിക്കുന്നവരുണ്ടാവും. ഇനി ശൈലികൾ മാറുകയോ സമൂഹത്തിൽ മാറ്റങ്ങളുണ്ടാവുകയോ ചെയ്യുകയാണെങ്കിൽ അത് തങ്ങൾ മൂലം വേണമെന്ന് വിചാരിക്കുന്ന ആളുകളുണ്ടാവും. വ്യക്തിവൈരാഗ്യങ്ങളുണ്ടാവാം. എന്താണെന്നറിയില്ല. എന്തായാലും കാൽനൂറ്റാണ്ടുകാലമായി വലിയ ഉപരോധങ്ങളും ശല്യങ്ങളും സഹിച്ചാണ് മുന്നോട്ടുപോവുന്നത്. ഇനിയും മുന്നോട്ടുപോവാനാണ് തീരുമാനം.
ഒരു ഉയർന്ന സമൂഹത്തിൽ നിന്ന് പ്രതീക്ഷിച്ചതല്ല നടക്കുന്നത്. മുസ്‌ലിംകൾ ഒരുപാട് അസ്തിത്വ പ്രതിസന്ധികളും ഭീഷണികളും നേരിടുന്ന കാലത്ത് കൊച്ചുകൊച്ചു കാര്യങ്ങൾ പരസ്പരം ഉന്നയിക്കുക, അതിനൊക്കെ പോലീസിനെ ഉപയോഗിക്കുക. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നടപടികളാണിത്. പോലീസ് ഇതുവരെയും തന്നെ വിളിച്ചിട്ടില്ല. നിയമപരമായി പോവാൻ തന്നെയാണ് തീരുമാനം. ഒരു കോടതിക്കും തന്റെ ഭാഗത്തുനിന്നൊരു തെറ്റുണ്ടായെന്ന് കണ്ടെത്താനാവില്ല. കാരണം അത്തരമൊന്ന് തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കേസിനെക്കുറിച്ച് കൂടുതൽ അറിയില്ല. എന്നാൽ കേസിൽ പേരുള്ള ചിലരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തക്കെതിരെ പോസ്റ്റുകൾ ഇടുന്ന ഉമ്മർ കോയ എന്ന ഫേസ് ബുക്ക് ഐ.ഡിയിൽനിന്ന് ചില പോസ്റ്റുകൾ വായിച്ചിട്ടുണ്ടെങ്കിലും അത് ആരുടേതാണെന്ന് അറിയില്ലെന്നും ഹക്കീം ഫൈസി പറഞ്ഞു. സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തി എന്ന സമസ്ത പി.ആർ.ഒയുടെ പരാതിയിൽ ഹക്കീം ഫൈസി ആദൃശ്ശേരി ഉൾപ്പെടെ 12 പേർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.