കോഴിക്കോട് - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടികൾ കൂട്ടത്തോടെ മരിച്ചത് സർക്കാരിന്റെ വീഴ്ച കൊണ്ടാണെന്ന് ഡോ. കഫീൽ ഖാൻ. ഇതിൽനിന്ന് രക്ഷപ്പെടാനാണ് തന്നെയും മറ്റുള്ളവരെയും കരുവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സോളിഡാരിറ്റി നൽകിയ സ്വീകരണത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു മാസമായി് ആശുപത്രിയിൽ ദ്രവീകൃത ഓക്‌സിജൻ ആവശ്യത്തിനുണ്ടയിരുന്നില്ല. സൂപ്രണ്ട് മുതൽ മുഖ്യമന്ത്രി വരെ ഇതുസംബന്ധിച്ച പരാതി പോയിരുന്നെങ്കിലും ആരും ഗൗനിച്ചില്ല. ഇതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു. തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണത്തിന് പതിനായിരം ഐ.ടി സെൽ പ്രവർത്തകരെയും സംഘ്പരിവാർ നിയോഗിച്ചു. മരിച്ച 23 കുട്ടികളിൽ 14 ഉം നവജാത ശിശുക്കളായിരുന്നു. ജയിലിൽ തന്നെ സഹായിക്കാൻ ഒരു സംഘടനകളും എത്തിയില്ല. നിയമസഹായവും ലഭ്യമാക്കിയില്ല. തന്റെ കുടുംബത്തെയും നശിപ്പിക്കാൻ ശ്രമിച്ചു.
നദീം ഖാൻ എന്ന യുവാവാണ് തനിക്ക് സഹായമായെത്തിയതെന്നും അല്ലാഹുവിലാണ് വിശ്വാസമെന്നും ഡോ. കഫീൽ ഖാൻ പറഞ്ഞു. കോടതിയിൽ നിന്നുള്ള ജാമ്യവിധി പ്രതീക്ഷയേകുന്നുവെന്നും രാജ്യത്തെ ഭരണഘടനയും നീതിയും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നദീംഖാൻ, ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ അബ്ദുൽ അസീസ്, കെ. അജിത, ഹസനുൽ ബന്ന, മീഡിയാ വൺ മാനേജിങ് എഡിറ്റർ സി.ദാവൂദ് പങ്കെടുത്തു.