Sorry, you need to enable JavaScript to visit this website.

സ്യൂട്ടയില്‍ ആശയക്കുഴപ്പം, സ്‌പെയിനോ മൊറോക്കോയോ?

സ്യൂട്ട - വടക്കെ ആഫ്രിക്കയിലെ സ്പാനിഷ് അധീന ദ്വീപായ സ്യൂട്ടയില്‍ ആശയക്കുഴപ്പമാണ്, സ്വന്തം രാജ്യമായ സ്‌പെയിനിനെ പിന്തുണക്കണമോ അതോ കുടുംബവേരുകളുള്ള മൊറോക്കോക്കു പിന്നില്‍ അണിചേരണമോ? ഇരുപത്താറുകാരിയായ സുലൈഖ ഹുസൈന്‍ എല്ലാ കാര്യത്തിലും നൂറ് ശതമാനം സ്പാനിഷാണ്, എന്നാല്‍ ഫുട്‌ബോളില്‍ പിന്തുണ വല്യപ്പയുടെ നാടായ മൊറോക്കോക്കാണ്. 
1580 മുതല്‍ സ്യൂട്ട സ്‌പെയിന്റെ അധീനതയിലാണ്. ക്രിസ്ത്യാനികളും മുസ്‌ലിംകളുമുണ്ട് ഈ പ്രദേശത്ത്. മൊത്തം ജനസംഖ്യ എണ്‍പത്തയ്യായിരമാണ്. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റം ചെറുക്കാന്‍ വലിയ അതിര്‍ത്തിവേലിയുണ്ട് ഈ പ്രദേശത്ത്. കഴിഞ്ഞ വര്‍ഷം സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള വലിയ നയതന്ത്രപ്പോരിന് ഈ പ്രദേശം കാരണമായി. 2021 ല്‍ മൊറോക്കൊ അതിര്‍ത്തി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയതോടെ മൊറോക്കോയില്‍ നിന്നും സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ സ്യൂട്ടയിലേക്ക് ഒഴുകി. സ്യൂട്ടയെ സ്പാനിഷ് പ്രദേശമായി മൊറോക്കൊ അംഗീകരിക്കുന്നില്ല. ഒടുവില്‍ സ്പാനിഷ് പ്രധാനമന്ത്രി മൊറോക്കൊ രാജാവിനെ കണ്ടതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.
ആര് ജയിച്ചാലും സന്തോഷമെന്ന നിലപാടാണ് ഒരുപാട് പേര്‍ക്ക്. മൊറോക്കൊ ജയിച്ചാല്‍ സംഘര്‍ഷമുണ്ടാവാനൊന്നും സാധ്യതയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ബെല്‍ജിയത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കൊ തോല്‍പിച്ചപ്പോള്‍ ബെല്‍ജിയത്തിലും നെതര്‍ലാന്റ്‌സിലും അക്രങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.  
4.7 കോടി വരുന്ന സ്പാനിഷ് ജനതയില്‍ എട്ടു ലക്ഷത്തോളം മൊറോക്കോ വംശജരുണ്ട്. നിരവധി മൊറോക്കൊ കളിക്കാര്‍ സ്പാനിഷ് ക്ലബ്ബുകളിലാണ് കളിക്കുന്നത്. യൂസഫ് അന്നസീരിയും ഗോള്‍കീപ്പര്‍ യാസീന്‍ ബൂനുവും സെവിയയിലാണ്. റൈറ്റ്ബാക്ക് അശ്‌റഫ് ഹകീമി മഡ്രീഡിലാണ് ജനിച്ചത്. 

Latest News