മൊറോക്കൊ-സ്‌പെയിന്‍
വൈകു: 6.00
ദോഹ - സ്‌പെയിനിന്റെ യുവത്വത്തുടിപ്പ് മറികടന്ന് മൊറോക്കോക്ക് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനാവുമോ? ക്രൊയേഷ്യയും ബെല്‍ജിയവും കാനഡയുടമങ്ങുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ തങ്ങള്‍ക്ക് ഒന്നും അസാധ്യമല്ലെന്നാണ് കോച്ച വലീദ് റഖ്‌റഖി കരുതുന്നത്. അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പില്‍ അവശേഷിക്കുന്ന അവസാന അറബ് ടീമാണ് മൊറോക്കൊ. അതിനാല്‍ തന്നെ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിന്റെ പൂര്‍ണ പിന്തുണ മൊറോക്കോക്ക് പ്രതീക്ഷിക്കാം. മൂന്നു തവണയേ ആഫ്രിക്കന്‍ ടീമുകള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുള്ളൂ -1990 ല്‍ കാമറൂണ്‍, 2002 ല്‍ സെനഗാല്‍, 2010 ല്‍ ഘാന. മൊറോക്കൊ ഒരേയൊരിക്കല്‍ പ്രി ക്വാര്‍ട്ടര്‍ കളിച്ചത് 1986 ലാണ്. അന്ന് പശ്ചിമ ജര്‍മനിയോട് 88ാം മിനിറ്റിലെ ഗോളില്‍ തോറ്റു.
കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയിനുമായി ഏറ്റുമുട്ടിയപ്പോള്‍ മൊറോക്കൊ അട്ടിമറിക്കടുത്തെത്തിയിരുന്നു. അവസാന വേളയിലെ ഗോളിലാണ് സ്‌പെയിന്‍ 2-2 സമനില നേടിയത്.
സ്‌പെയിനിന്റെ പൊസഷന്‍ ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍ക്ക് വലിയ പങ്കുണ്ട്. എതിര്‍ മുന്നേറ്റനിരയുടെ സമ്മര്‍ദ്ദത്തിനിടയിലും ഗോളി പാസ് ചെയ്തു കളിക്കണം. ചിലപ്പോള്‍ അത് വലിയ അബദ്ധമാവാറുണ്ട്. ജര്‍മനിക്കെതിരായ 1-1 സമനിലയിലും ജപ്പാനെതിരായ 1-2 തോല്‍വിയിലെ ആദ്യ ഗോളിലും ഗോളി ഉനായ് സിമോണിന്റെ പിഴാവാണ് സ്‌പെയിനിന് തിരിച്ചടിയായത്. കഴിഞ്ഞ യൂറോ കപ്പില്‍ ക്രൊയേഷ്യക്കെതിരെ അപകടരഹിതമായ ഒരു ബാക്ക്പാസ് സിമോണ്‍ കാലുകള്‍ക്കിടയിലൂടെ വലയിലേക്ക് വിട്ടിരുന്നു.