ലക്‌നൗ - നിയമസഭാ നടപടികൾ ഫെയ്‌സ്ബുക്കിൽ ലൈവിട്ടതിന് എം.എൽ.എയെ സഭയിൽനിന്ന് നിന്ന് പുറത്താക്കി സ്പീക്കർ. ഉത്തർപ്രദേശിലാണ് സംഭവം. സമാജ് വാദി പാർട്ടി അംഗമായ അതുൽ പ്രധാനിനെയാണ് സ്പീക്കർ സതീഷ് മഹാന പുറത്താക്കിയത്.
സ്പീക്കറുടെ നടപടി പ്രതിപക്ഷ ബഹളത്തിനിടയാക്കി. രാംപൂർ ഉപതെരഞ്ഞെടുപ്പ് 'ജനാധിപത്യത്തിന്റെ കൊലപാതകം' എന്ന വിഷയം സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് എസ്.പിയിലെ പ്രതിപക്ഷ അംഗം സഭാനടപടികൾ ഫെയ്‌സ്ബുക്കിൽ ലൈവ് ഇട്ടത് ശ്രദ്ധയിൽപ്പെട്ടതെന്ന് സ്പീക്കർ പറഞ്ഞു. എം.എൽ.എ സഭ വിട്ടതിന് പിന്നാലെ സഭാ ചട്ടങ്ങൾ അറിയാത്തതിനാലാണെന്നും, ആദ്യമായി സഭയിലെത്തിയതിനാലാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എസ്.പി അംഗങ്ങൾ സ്പീക്കറോട് പറഞ്ഞു. നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ ഒഴികഴിവായി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സ്പീക്കർ, പ്രതിപക്ഷ അംഗങ്ങളുടെ നിർബന്ധത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം സഭയിൽ ഹാജരാകാൻ അനുവദിക്കുകയായിരുന്നു.