Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രായുഡു സെഞ്ചുറി, ചെന്നൈ പ്ലേഓഫിൽ

പൂനെ - ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് യൂനിറ്റായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ അനായാസം നേരിട്ട അമ്പാട്ടി രായുഡു ചെന്നൈ സൂപ്പർ കിംഗ്‌സി ന് പ്ലേഓഫിലേക്ക് വഴി കാട്ടി. കഴിഞ്ഞ കളികളിൽ 118, 132, 146, 151 തുടങ്ങിയ സ്‌കോറുകൾ വിജയകരമായി പ്രതിരോധിച്ച ഹൈദരാബാദ് സീസണിലെ തങ്ങളുടെ ഉയർന്ന സ്‌കോറാണ് ചെന്നൈക്കെതിരെ പടുത്തുയർത്തിയത്, നാലിന് 179. എന്നാൽ സെഞ്ചുറിയോടെ രായുഡുവും (62 പന്തിൽ 100 നോട്ടൗട്ട്) അർധ ശതകത്തോടെ ഷെയ്ൻ വാട്‌സനും (35 പന്തിൽ 57) ചെന്നൈയെ ഒരോവർ ശേഷിക്കേ ലക്ഷ്യം കടത്തി. 
വാട്‌സനാണ് ആക്രമണം തുടങ്ങിയതെങ്കിലും ക്രമേണ രായുഡു ഏറ്റെടുത്തു. രായുഡുവിന്റെ കന്നി ട്വന്റി20 സെഞ്ചുറിയാണ് ഇത്. തുടക്കത്തിൽ ദീപക് ചാഹറും ഒടുക്കം ഡ്വയ്ൻ ബ്രാവോയും പിശുക്കിയതാണ് 200 കടക്കുമായിരുന്ന ഹൈദരാബാദിന്റെ സ്‌കോർ 179 ലൊതുങ്ങിയത്. ചാഹറിന്റെ (4-0-16-1) സ്വിംഗിനു മുന്നിൽ അലക്‌സ് ഹെയ്ൽസും (2) ശിഖർ ധവാനും (49 പന്തിൽ 79) കെയ്ൻ വില്യംസനുമൊക്കെ (39 പന്തിൽ 51) പരുങ്ങി. ആറോവറിൽ ഒന്നിന് 29 ആയിരുന്നു സ്‌കോർ. ഒമ്പതാം ഓവറിൽ ഒന്നിന് 51 ലെത്തിയ ശേഷമാണ് ഹൈദരാബാദ് ആക്‌സലറേറ്ററിൽ കാലമർത്തിയത്. വില്യംസൻ ഈ സീസണിൽ 500 റൺസ് പിന്നിട്ടു. ഹൈദരാബാദിന്റെ നായകന്മാർ തുടർച്ചയായ നാലാം സീസണിലാണ് അഞ്ഞൂറിലേറെ സ്‌കോർ ചെയ്യുന്നത്. എന്നാൽ അവസാന നാലോവറിൽ 38 റൺസേ ചെന്നൈ അനുവദിച്ചുള്ളൂ. 
മറുപടിയായി ഈ സീസണിലെ ഏറ്റവുമുയർന്ന ഓപണിംഗ് കൂട്ടുകെട്ടാണ് വാട്‌സനും രായുഡുവും പടുത്തുയർത്തിയത്, 13.3 ഓവറിൽ 134 റൺസ്. ജയിക്കാൻ 46 റൺസും രായുഡുവിന് സെഞ്ചുറി തികക്കാൻ 29 റൺസുമായിരുന്നു വേണ്ടിയിരുന്നത്. കൃത്യം 29 റൺസ് രായുഡു സ്‌കോർ ചെയ്തു. 

Latest News