കാസര്‍കോട്- തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ വയലോടിയില്‍ യുവാവിനെ അടിച്ചു കൊന്ന സംഘം മൃതദേഹം വീടിനു സമീപം ഉപേക്ഷിച്ചു. വയലോടിയിലെ
കൊടക്കല്‍ കൃഷ്ണന്റെ മകന്‍ പ്രിയേഷി(32) നെയാണ് വീടിനു സമീപത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്ക് പിന്നില്‍ ഏഴ് പേരുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ചോദ്യം ചെയ്യുന്നതിനായി ഒരു സ്ത്രീയെ ചന്തേര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ സ്ത്രീയുടെ ഫോണില്‍ നിന്നാണ് പ്രീയേഷിനെ രാത്രി വിളിച്ചു വരുത്തിയതെന്ന് പറയുന്നു. സംഘം യുവാവിനെ വിളിച്ചു വരുത്തി അടിച്ചു കൊന്നു എന്നാണ് കരുതുന്നത്. നേരത്തെ സംഘം യുവാവിന് താക്കീത് നല്‍കിയതായി പറയുന്നുണ്ട്.
സ്വന്തം ബുള്ളറ്റിന് സമീപം കൈകള്‍ കെട്ടി മലര്‍ന്ന് കിടക്കുന്ന നിലയില്‍ ആണ് മൃതദേഹം കണ്ടത്. വീടിന് നൂറു മീറ്റര്‍ അടുത്തുള്ള പറമ്പില്‍ കണ്ടെത്തിയ പ്രീയേഷിന്റെ ദേഹമാസകാലം ചെളിയില്‍ പുരണ്ട നിലയില്‍ ആയിരുന്നു. രാത്രി എട്ടേമുക്കാലിന് വീട്ടില്‍നിന്ന് പോകുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ട് ശരീരത്തില്‍ ഉണ്ടായിരുന്നില്ല.അടിയേറ്റ പരിക്കുകളും ഉണ്ടായിരുന്നു.
മീന്‍ കൊണ്ടുവന്ന് അമ്മയെ ഏല്പിച്ചു പൊരിച്ചു വെക്കണം ഞാന്‍ പത്ത് മണിക്ക് എത്തും എന്ന് പറഞ്ഞു പോയ പ്രീയേഷിന്റെ ചേതനയറ്റ ശരീരമാണ് രാവിലെ വീട്ടുകാര്‍ കാണുന്നത്. രാത്രി 12 മണിക്കും എത്താതിരുന്ന മകനെ അമ്മ വിളിച്ചിരുന്നു. ഫോണ്‍ എടുത്തില്ല. രാത്രി ആരുടെയോ ഫോണ്‍ വന്നതിന് ശേഷമാണ് മോന്‍ പോയതെന്ന് അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. തൊട്ടടുത്തുള്ള വയലോടി തോടിന് സമീപം വെച്ച് അടിച്ചു കൊലപ്പെടുത്തി എന്നാണ് സംശയിക്കുന്നത്. അതിന് ശേഷം നടുവില്‍ പ്രീയേഷിനെ ഇരുത്തി രണ്ടു പേര് ബുള്ളറ്റില്‍ വീടിന് അടുത്ത് കൊണ്ടുവന്ന് ഇടുകയായിരുന്നു. ഹെല്‍മറ്റ് 100 മീറ്റര്‍ അകലെയുള്ള മതിലിനു മുകളിലാണ് ഉണ്ടായിരുന്നത്. ചെളിയില്‍ വീണു മരിച്ചത് എന്ന് കരുതാന്‍ ഷര്‍ട്ട് ഊരി ചെളിയില്‍ മുക്കി അടിച്ചു എന്നാണ് സംശയിക്കുന്നത്. കാസര്‍കോട് നിന്നെത്തിയ പോലീസ് നായ വയലോടി തോടിന് സമീപം വരെ ഓടി തിരിച്ചു വന്നിരുന്നു. അവിവാഹിതനാണ് മരണപ്പെട്ട പ്രിയേഷ് . പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍ :പ്രീത ,പ്രസിന ,പ്രജീഷ്.