ന്യൂദല്‍ഹി- ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. നിലവില്‍ ഭരിക്കുന്ന ബി.ജെ.പിക്ക് 69-91 നും ഇടയില്‍ സീറ്റ് മാത്രമാണ് നേടാനാകുക എന്നാണ് സര്‍വെ ഫലം. എന്നാല്‍ ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി 149 നും 171 നും ഇടയില്‍ സീറ്റ് നേടും. 2017 ല്‍ 182 സീറ്റാണ് ബി.ജെ.പി നേടിയത്.
ടൈംസ് നൗ ഇ.ടി.ജി സര്‍വെയും ആം ആദ്മി പാര്‍ട്ടി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം നേടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. 146 മുതല്‍ 156 വരെ സീറ്റ് വരെ ആംആദ്മി നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ബി.ജെ.പി 84 മുതല്‍ 94 വരെ സീറ്റുകള്‍ നേടും എന്നും പ്രവചിക്കുന്നു. ഇരു സര്‍വെകളിലും കോണ്‍ഗ്രസിന് കാര്യമായ നേട്ടം പ്രവചിക്കുന്നില്ല.