Sorry, you need to enable JavaScript to visit this website.

ഔറംഗബാദിലെ സംഘർഷാവസ്ഥയ്ക്ക് അയവ്,  കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് 

മുംബൈ-രണ്ട് പേരുടെ മരണത്തിനിടയാക്കിയ മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തിലെ സംഘർഷാവസ്ഥയ്ക്ക് ഞായറാഴ്ച അയവ് വന്നു.  കിംവദന്തികൾ വിശ്വസിക്കരുതെന്നും അക്രമങ്ങളിൽ ഏർപ്പെടരുതെന്നും പോലീസ് അഭ്യർഥിച്ചു. ഔറംഗബാദിലെ  കലാപത്തിൽ നിരവധി കടകൾ അഗ്‌നിക്കിരയാക്കി. നൂറ് കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങി അക്രമം അഴിച്ചു വിട്ടത്. ആക്രമണത്തിനിടെ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. പോലീസിന്റെ വെടിയേറ്റ് ഒരു യുവാവ് കൊല്ലപ്പെട്ടു. 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.പത്ത് പോലീസുകാർക്കും പരിക്കേറ്റു. ഷാഹ്ഗഞ്ച് മസ്ജിദിന് സമീപമാണ് യുവാവ് വെടിയേറ്റ് മരിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 
രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് ജനങ്ങൾ ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ചേരി തിരിഞ്ഞ് യുവാക്കൾ കല്ലേറ് നടത്തുകയായിരുന്നു. അക്രമികൾ അഴിഞ്ഞാടിയതോടെ നൂറിലധികം കടകൾ അഗ്‌നിക്കിരയാക്കി. നിരവധി വാഹനങ്ങളും തകർക്കപ്പെട്ടു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ പോലീസുകാരെ സംഘർഷ മേഖലയിൽ വിന്യസിച്ചു. സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുത്. ഔറംഗബാദിന് പുറമെ സമീപ പ്രദേശങ്ങളിലും സംഘർഷം പടർന്നിരുന്നു.  നാലിൽ കൂടുതൽ പേർ കൂടി നിൽക്കുന്നത് നിരോധിച്ചിരിക്കുകയാണ് പോലീസ്. ഔറംഗബാദിനോട് ചേർന്ന ഗാന്ധി നഗർ, മോട്ടി കരഞ്ച, റോസ ബാഗ് എന്നിവിടങ്ങളിലേക്കെല്ലാം സംഘർഷം വ്യാപിച്ചിട്ടുണ്ട്. 
ഒരു മതസ്ഥാപനത്തിലേക്കുള്ള വെള്ളത്തിന്റെ കണക്ഷൻ അധികൃതർ റദ്ദാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയുന്നു.  കണക്ഷൻ നിയമപ്രകാരമല്ല നൽകിയിരുന്നതെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയത്. ഇതിനെതിരേ ഒരു വിഭാഗം രംഗത്തു വന്നു. ഇവർക്കെതിരെ മറുവിഭാഗവും ഇറങ്ങി. ഇതോടെ ചേരിതിരഞ്ഞ് കല്ലേറുണ്ടായി. കടകൾക്ക് നേരെയും ആക്രമണം തുടങ്ങി. സംഘർഷ സാഹചര്യം മുൻകൂട്ടി കണ്ട് നിരവധി കടക്കാർ അടച്ചിരുന്നു. എന്നാൽ അടച്ചിട്ട കടകളും തകർക്കപ്പെട്ടിട്ടുണ്ട്. 
സംഘർഷം നേരിടാൻ ജൽനയിൽ നിന്ന് കൂടുതൽ പോലീസുകാരെ ഔറംഗബാദിലേക്ക് അയച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് പോലീസ് കമ്മീഷണർ മിലിന്ദ് ഭാംറി പറയുന്നത്. കടകൾ ഇന്നലെ തുറന്നിട്ടില്ല. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. നാശനഷ്ടങ്ങൾ നേരിട്ടവർ പോലീസിൽ പരാതി നൽകണമെന്ന് അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു. ഉവൈസിയുടെ എംഐഎം പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലമാണ് ഔറംഗബാദ്. നിയമപരമായും സാമ്പത്തികമായും ഇരകൾക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉവൈസി ട്വിറ്ററിൽ അറിയിച്ചു. കേസിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ അഭിഭാഷകനായ ഖൈസർ പട്ടേലിനെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്. 
 

Latest News