മുംബൈ-ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി ഫയല്‍ ചെയ്തിരുന്നു. ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലര്‍ പോലീസില്‍ പരാതി നല്‍കിയതോടെ വെട്ടിലായിരിക്കുകയാണ് മൂന്നു പേരും. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്ലുജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുര്‍ സ്വദേശിയായ അതുലിനെ ആണ് ഐടി എന്‍ജിനീയര്‍മാരായ റിങ്കിയും പിങ്കിയും വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ചുവളര്‍ന്ന ഇരുവര്‍ക്കും പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
മൂവരും ബാല്യകാല സുഹൃത്തുക്കളാണ്. അടുത്തിടെയാണ് യുവതികളുടെ അച്ഛന്‍ മരിച്ചത്. രോഗിയായ അമ്മയുമായി അതുലിന്റെ വാഹനത്തിലാണ് സഹോദരിമാര്‍ ആശുപത്രിയിലേക്ക് പതിവായി പോയിരുന്നത്. ഈ അടുപ്പമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ചയായിരുന്നു വിവാഹം. ആഹ്ലാദത്തോടെ ഇരുയുവതികളും മാലചാര്‍ത്തുന്നതടക്കമുള്ള വിവാഹാഘോഷത്തിന്റെ വിഡിയോ വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് കേസും പൊല്ലാപ്പും. ഇനി മധുവിധു കാലം പോലീസ് സ്‌റ്റേഷനിലും കോടതി വരാന്തകളിലും ചെലവഴിക്കാം