ദോഹ- ഇംഗ്ലണ്ട് താരം റഹീം സ്റ്റെർലിംഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി. റഹീം സ്റ്റെർലിംഗിന്റെ വീട് ഒരുകൂട്ടം ആക്രമികൾ തകർത്തുവെന്നും അതാണ് നാട്ടിലേക്ക് മടങ്ങാൻ കാരണമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഫ്രാൻസിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ റഹീം സ്റ്റെർലിംഗ് തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. താരം നാട്ടിലേക്ക് മടങ്ങിയതായി ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു.
ബ്രിട്ടീഷ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ശനിയാഴ്ച രാത്രി സ്റ്റെർലിങ്ങിന്റെ കുടുംബം വീട്ടിലുണ്ടായിരുന്ന സമയത്ത് ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാർ വീട് തകർത്തുവെന്നാണ് വിവരം.
'ഇപ്പോൾ വ്യക്തമായും അവൻ തന്റെ കുടുംബത്തിനാണ് മുൻഗണന നൽകുന്നത്. ഞങ്ങൾ അതിനെ പിന്തുണയ്ക്കുകയും അവന് ആവശ്യമുള്ളത്ര സമയം അനുവദിക്കുകയും ചെയ്യുമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് പറഞ്ഞു.
''ഇപ്പോൾ ഇക്കാര്യം കൈകാര്യം ചെയ്യാൻ കുടുംബത്തോടൊപ്പം സമയം ആവശ്യമുള്ള ഒരു സാഹചര്യമാണ്, അതിൽ അവനെ സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചിലപ്പോൾ ഫുട്‌ബോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമല്ല, കുടുംബമാണ് ആദ്യം വരേണ്ടതെന്നും കോച്ച് പറഞ്ഞു.