നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി-മസ്‌കത്ത് വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം.
അബുദാബിയില്‍നിന്നു രാവിലെ ആറരക്ക് കൊച്ചിയിലെത്തി 7.45ന് മസ്‌കത്തിലേക്ക് പോകേണ്ട 11X 443 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അഞ്ച് മണിക്കൂറാണ് വൈകിയത്.
പുലര്‍ച്ചെ നാലിന് പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രക്കാരെ 8.30 ആയിട്ടും വിമാനത്തിലേക്ക് മാറ്റാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചപ്പോഴാണ് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മസ്‌കത്തിലേക്ക് പോകേണ്ട വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടതറിയുന്നത്. വിമാനം വൈകുമെന്ന് യാത്രക്കാരെ അറിയിക്കുകയോ കുടിവെള്ളം നല്‍കാനോ നടപടിയുണ്ടായില്ല. യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് 10 മണിയോടെ സ്‌നാക്‌സും കുടിവെള്ളവും നല്‍കി.
12.50 ഓടെ കൊച്ചിയില്‍ തിരികെയെത്തിയ വിമാനം 1.30ഓടെയാണ് യാത്രക്കാരുമായി മസ്‌കത്തിലേക്ക് പുറപ്പെട്ടത്. ഗര്‍ഭിണികളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ 180 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്.