ഗുവാഹതി-ജനസംഖ്യാ വര്‍ധനവിന് ഹിന്ദുക്കള്‍ മുസ്ലിങ്ങളുടെ പാത പിന്തുടരണമെന്ന പ്രസ്താവനയുമായി അസമില്‍നിന്നുള്ള എംപിയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവുമായ ബദ്റുദീന്‍ അജ്മല്‍. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജ്മലിന്റെ പരാമര്‍ശം.
'ഹിന്ദുക്കള്‍ ശരിയായ സമയത്തു വിവാഹം കഴിക്കുന്നില്ല. അവര്‍ക്കു രണ്ടോ മൂന്നോ ബന്ധങ്ങളുണ്ടാകും. പക്ഷേ വിവാഹം കഴിക്കില്ല. ഒടുവില്‍ 40 വയസാകുമ്പോള്‍ കുടുംബക്കാരുടെ സമ്മര്‍ദം മൂലം വിവാഹം കഴിക്കും. അപ്പോഴെങ്ങനെ കുട്ടികളുണ്ടാകും മുസ്‌ലിം പെണ്‍കുട്ടികള്‍ 18 വയസ്സില്‍ത്തന്നെ വിവാഹിതരാകും. ആണ്‍കുട്ടികള്‍ 22 വയസ്സില്‍ വിവാഹം കഴിക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ അത് അനുവദിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നത്. ഹിന്ദുക്കളും ഇതു പിന്തുടരണം. പെണ്‍കുട്ടികളെ 18 വയസ്സില്‍ത്തന്നെ വിവാഹം കഴിപ്പിക്കണം. ഫലഭൂയിഷ്ഠമായ മണ്ണിലേ നല്ല വിളവ് ലഭിക്കൂ' അജ്മല്‍ പറഞ്ഞു.
രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നേതാവ്.
ദല്‍ഹിയിലെ ശ്രദ്ധാ വാള്‍ക്കര്‍ വധക്കേസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശര്‍മയോട് പ്രതികരിക്കുകയായിരുന്നു എഐയുഡിഎഫ് നേതാവ്.
'ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് മുഖ്യമന്ത്രി. അപ്പോള്‍ ആരാണ് അദ്ദേഹത്തെ തടയുന്നത്? നിങ്ങളും നാലോ അഞ്ചോ 'ലൗ ജിഹാദ്' നടത്തി ഞങ്ങളുടെ മുസ്‌ലിം പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. പക്ഷെ, ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും, യുദ്ധം പോലും ചെയ്യില്ല,' അജ്മല്‍ പറഞ്ഞു.
18 വയസ്സില്‍ വിവാഹിതരായി ജനസംഖ്യ കൂട്ടണമെന്ന പ്രസ്താവന വിവാദമായി. ്അസമിലെ പോലീസ് സ്‌റ്റേഷനുകളില്‍ രണ്ടു പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനെ തുടര്‍ന്ന് അജ്മല്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി.