ഹൈദരാബാദ് - ഹൈദരാബാദ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സീനിയർ പ്രൊഫസർ അറസ്റ്റിൽ. സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കൽറ്റി അംഗമായ രവി രഞ്ജൻ (62) എന്ന അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 23-കാരിയായ തായ്‌ലൻഡ് വിദ്യാർത്ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ച് ബലാത്സംഗത്തിനിരയാക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് നടപടി.
പഠിപ്പിക്കാനെന്ന വ്യാജേനയാണ് പ്രൊഫസർ വിദ്യാർത്ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വിദ്യാർത്ഥിനി വീട്ടിലെത്തിയപ്പോൾ മദ്യം നൽകി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിനി മദ്യം സ്വീകരിച്ചില്ല. തുടർന്ന് ബലാത്കാരത്തിന് ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനി ചെറുത്തു. തുടർന്ന് പെൺകുട്ടിയെ ഇയാൾ യൂണിവേഴ്‌സിറ്റി ഗേറ്റിൽ ഇറക്കിവിടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പെൺകുട്ടി ഗച്ചിബൗളി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. നേരത്തെയും പ്രൊഫസർക്കെതിരെ സമാന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. ഇരയ്ക്ക് നീതി ലഭിക്കണമെന്നും പ്രൊഫസർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധപ്രകടനം നടത്തി.