ബെംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒറ്റയ്ക്കു ഭരണംപിടിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന പ്രവചനങ്ങള്‍ക്കിടെ വോട്ടെടുപ്പിന് തൊട്ടുപിറകെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമി സിംഗപൂരിലേക്ക് പറന്നത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമാക്കി. തെരഞ്ഞെടുപ്പു ഫലം അനുകൂലമായാല്‍ ആരുമായി സഖ്യമുണ്ടാക്കണമെന്നു ചര്‍ച്ച നടത്താനാണ് കുമാരസ്വാമി സിംഗപൂരിലേക്ക് പറന്നിരിക്കുന്നതെന്നാണ് അഭ്യൂഹം. മുഖ്യ എതിരാളികളായ കോണ്‍ഗ്രസിനു ബിജെപിക്കും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കിങ്‌മേക്കറാകുക ജെഡിഎസായിരിക്കും. ഈ പശ്ചാത്തലത്തില്‍ ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കുമാരസ്വാമി എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.
തിങ്കളാഴ്ച രാത്രി കുമാരസ്വാമി സിംഗപൂരില്‍ നിന്ന് തിരിച്ചെത്തുമെന്നാണ് പറയുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. തൂക്കു സഭയാകുമെന്ന പ്രവചനം വന്നതോടെ കോണ്‍ഗ്രസും ബിജെപിയും അനൗദ്യോഗികമായി ജെഡിഎസിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുപാര്‍ട്ടികളുടെ നേതാക്കളും കുമാരസ്വാമിയുമായും എച്ച് ഡി ദേവഗൗഡയുമായും ബന്ധപ്പെടുന്നുണ്ടെന്ന് കുമാരസ്വാമിയുമായി അടുപ്പമുള്ള ഒരു ജെഡിഎസ് നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ചു പ്രതികരിക്കാന്‍ കുമാരസ്വാമി തയാറായിട്ടില്ല. കര്‍ണാടകയില്‍ ജെഡിഎസിന്റെ സഹായമില്ലാതെ ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ഉറപ്പാണെന്ന് ദേവ ഗൗഡ് തന്റെ വീട്ടില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഗൗഡ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം കുമാരസ്വാനിയുടെ നീക്കം എങ്ങനെയെന്ന് വ്യക്തവുമല്ല. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കിയത് കുമാരസ്വാമിയാണെന്നതും ചരിത്രമാണ്.