Sorry, you need to enable JavaScript to visit this website.

സുന്ദര്‍ പിച്ചൈക്ക് പദ്മഭൂഷണ്‍ സമ്മാനിച്ചു, എന്നും ഉള്ളില്‍ ഇന്ത്യയുണ്ട്

വാഷിംഗ്ടണ്‍- ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി. യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധുവില്‍നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ അടുത്ത കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പുരസ്‌കാരദാനം. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ടി.വി. നാഗേന്ദ്രപ്രസാദും പരിപാടിയില്‍ സന്നിഹിതനായിരുന്നു.
വാണിജ്യ വ്യവസായ വിഭാഗത്തിലാണ് സുന്ദര്‍ പിച്ചൈക്ക് 2022ലെ പദ്മഭൂഷണ്‍ ലഭിച്ചത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ ഈ വര്‍ഷം 17 പേര്‍ക്കാണ് പ്രഖ്യാപിച്ചിരുന്നത്. തന്നെ വാര്‍ത്തെടുത്ത രാജ്യം ഇത്തരത്തിലൊരു ബഹുമതി നല്‍കി ആദരിക്കുന്നത് അവിശ്വസനീയമാംവിധം അര്‍ഥപൂര്‍ണ്ണമാണെന്ന് പിച്ചൈ പ്രതികരിച്ചു.
ഇത്തരമൊരു ബഹുമതിക്ക് എന്നെ തിരഞ്ഞെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനോട് അകമഴിഞ്ഞ കൃതജ്ഞതയാണുള്ളത്. ഇന്ത്യ എന്റെ ഒരു ഭാഗമാണ്. ലോകത്ത് എവിടെപ്പോയാലും രാജ്യം എന്നുമെന്റെ ഉള്ളിലുണ്ടാവും. പഠിക്കുന്നതിനേയും അറിവുനേടുന്നതിനേയും പ്രോത്സാഹിപ്പിക്കുന്ന ഒരു കുടുംബത്തില്‍ വളരാന്‍ സാധിച്ചതും എന്റെ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകാന്‍ അവസരമുണ്ടാക്കാന്‍ ത്യാഗങ്ങള്‍ നടത്തിയ രക്ഷിതാക്കള്‍ ഉണ്ടായതും വലിയ ഭാഗ്യമാണ്- പിച്ചൈ പറഞ്ഞു.

 

Latest News