ചെന്നൈ- തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ആരാധനാലയത്തിന്റെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം ഉറപ്പ് വരുത്താന്‍ കോടതി എല്ലാ ക്ഷേത്ര അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
തൂത്തുക്കുടി ജില്ലയിലെ പ്രശസ്ത തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം സീതാരാമന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ഫോണുകള്‍ ഉപയോഗിച്ച് വിഗ്രഹങ്ങളുടെയും പൂജകളുടെയും ചിത്രം എടുക്കുന്നുണ്ടെന്നും സീതാരാമന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു.
ക്ഷേത്രങ്ങളില്‍ ആളുകളെത്തുന്നത് പ്രാര്‍ഥനയ്ക്കായാണെന്നും ചിലര്‍ മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും വിഗ്രഹങ്ങളുടെ ചിത്രം പകര്‍ത്തുന്നതും ശരിയല്ലെന്നും ഫോണുകള്‍ ലോക്കറില്‍ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യം അതത് ക്ഷേത്ര കമ്മറ്റികള്‍ ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഗുരുവായൂരിലെ ശ്രീകൃഷ്ണ ക്ഷേത്രം, മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് കമ്മീഷണറോട് കോടതി നിര്‍ദ്ദേശിച്ചു.