Sorry, you need to enable JavaScript to visit this website.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കി നിയമം വരുന്നു

ജക്കാർത്ത - വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാനൊരുങ്ങി ഇൻഡോനേഷ്യ. ഇതിനായി പുതിയ നിയമനിർമാണം കോണ്ടുവരും. ഇതിന്റെ കരട് നിയമം അടുത്ത ദിവസങ്ങളിൽ പാർലമെന്റ് പാസാക്കുമെന്നാണ് ഇൻഡോനേഷ്യൻ സർക്കാറിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. 
   ഭർത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും വ്യഭിചാര കുറ്റത്തിന് പരമാവധി ഒരു വർഷം തടവോ അല്ലെങ്കിൽ പരമാവധി പിഴയോ ലഭിക്കുമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. കുറ്റത്തിൽ ഏർപ്പെടുന്ന ആളുടെ ഭർത്താവിന്റെയോ ഭാര്യയുടെയോ മറ്റോ പരാതിയുണ്ടെങ്കിൽ മാത്രമായിരിക്കും ഇത്തരമൊരു കേസ് എടുക്കാനാകുക. എന്നാൽ കോടതിയിൽ വിചാരണ തുടങ്ങുന്നതിനു മുമ്പ് പരാതി പിൻവലിക്കാനും വകുപ്പുണ്ട്. വിവാഹത്തിനു മുമ്പുള്ള സഹവാസവും കുറ്റകരമായിരിക്കും. പുതിയ ക്രിമിനൽ നിയമം ഡിസംബർ 15ന് പാസ്സാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇൻഡോനേഷ്യയുടെ ഡെപ്യൂട്ടി നീതിവകുപ്പ് മന്ത്രി എഡ്വേർഡ് ഒമർ  ഷെരീഫ് ഹിയാരിജ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.
   മൂന്ന് വർഷം മുമ്പ് ഇൻഡോനേഷ്യ ഇതേ ചട്ടത്തിന്റെ കരട് തയ്യാറാക്കിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന്  പിൻവലിക്കുകയായിരുന്നു. പുതിയ നിയമം പാസാക്കിയാൽ അത് ഇൻഡോനേഷ്യയിലുള്ള പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ബാധകമാകും. അതേസമയം, പുതിയ കരട് രാജ്യത്തെ ടൂറിസത്തേയും നിക്ഷേപങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് ബിസിനസ്സ്-ടൂറിസ്റ്റ് സംരംഭകർ പറയുന്നത്. നിയമം ധാർമികമായി ശരിയാണെങ്കിലും പൗരാവകാശങ്ങളുടെ ലംഘനത്തിനും ജനാധിപത്യ സംവിധാനങ്ങൾക്കും തിരിച്ചടിയാകുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.
 

Latest News