- ശുഐബിനെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും പാക് നടി
ഇസ്‌ലാമാബാദ് - താരദമ്പതികളായ സാനിയ മിർസയും ശുഐബ് മാലികും തമ്മിലുള്ള വിവാഹമോചന ഊഹാപോഹങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി പാക് നടി ആഇശ ഉമർ. ഇന്ത്യൻ ടെന്നീസ് താരമായ സാനിയയും പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനായ ശുഐബ് മാലിക്കും തമ്മിലുള്ള വിവാഹമോചന വാർത്തകളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു നടി ആയിശ ഉമറിന്റേത്. ഇവരുമായുളള ബന്ധമാണ് ശുഐബ്-സാനിയ ബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്നായിരുന്നു പ്രചരിച്ച വാർത്തകൾ.
എന്നാൽ, ശുഐബിനെ വിവാഹം കഴിക്കാൻ തനിക്കു പദ്ധതിയില്ലെന്നും സാനിയയോടും ശുഐബിനോടും ഏറെ ബഹുമാനമാണെന്നുമാണ് നടി വ്യക്തമാക്കിയത്. 'ശുഐബ് വിവാഹിതനാണ്. അദ്ദേഹം ഭാര്യക്കൊപ്പം സന്തുഷ്ടവാനാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. ഈ ലോകത്ത് അത്തരത്തിലുള്ള ഗുണകാംക്ഷപരമായ ബന്ധങ്ങളും ഉണ്ട്' -നടി ആഇശ ഉമർ പറഞ്ഞു.
തന്റെ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് നടി ഇങ്ങനെ പ്രതികരിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാനിയയുടെ ചില പോസ്റ്റുകളും മറ്റും ശുഐബുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടായെന്നും വേർപിരിയലിന്റെ വക്കിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശുഐബ് മാലികിന്റെ സ്റ്റാഫിലെ ചിലരെ ഉദ്ധരിച്ച് ഇരുവരും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞുവെന്നും നിയമപരമായ ചില നടപടിക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഈയിടെ സാനിയയ്ക്ക് ശുഐബ് മാലിക് ജന്മദിനാശംസ നേർന്നെങ്കിലും ഈ നിമിഷംവരെയും സാനിയ അതോട് പ്രതികരിച്ചിരുന്നുമില്ല. എന്തായാലും പാക് നടിയുടെ പുതിയ വെളിപ്പെടുത്തലോടെ സാനിയ-ശുഐബ് ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവട്ടെ എന്ന ആഗ്രഹത്തിലും പ്രാർത്ഥനയിലുമാണ് താരാരാധകർ. എന്നാൽ ഇരു താരങ്ങളും ഇപ്പോഴും അഭ്യൂഹങ്ങളിൽ ഔദ്യോഗികമായി ഇതുവരെയും പ്രതികരണങ്ങളൊന്നും അറിയിച്ചിട്ടില്ല.