ന്യൂദൽഹി- മതപരിവർത്തനത്തിനെതിരെ ദേശവ്യാപമായി കാമ്പയിൻ തുടങ്ങാൻ വി.എച്ച്.പി തയാറെടുക്കുന്നു. മതപരിവർത്തനം നിരോധിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് വി.എച്ച്.പിയുടെ നീക്കം. ധർമ്മ രക്ഷാ അഭിയാൻ എന്ന പേരിൽ ഡിസംബർ 21 മുതൽ പത്തു ദിവസമാണ് കാമ്പയിൻ നടത്തുന്നതെന്ന് വി.എച്ച്.പി ദേശീയ ജോയിന്റ് സെക്രട്ടറി ഡോ. സുരേന്ദ്ര ജയിൻ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് നടക്കുന്ന ലൗജിഹാദ് വിഷയം കാമ്പയിനിൽ ഉയർത്തി കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ 420 ലൗ ജിഹാദ് കേസുകൾ വി.എച്ച്.പി കണ്ടെത്തിയിട്ടുണ്ടെന്നും മതംമാറ്റത്തിന് ലൗജിഹാദ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ജെയിൻ ആരോപിച്ചു.
കാമ്പയിൻ നടത്തുന്നതിന് വേണ്ടി പ്രത്യേക സേനയെ തയാറാക്കും. രാജ്യത്തെ പെൺകുട്ടികളിൽ മതംമാറ്റത്തെ കുറിച്ച് ബോധവൽക്കരിക്കും. അനധികൃതമായ മതം മാറ്റം തടയാൻ രാജ്യത്ത് ശക്തമായ നിയമം ആവശ്യമാണ്. കേരളത്തിലെ മതംമാറ്റത്തിനെതിരെ ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. മുസ്‌ലിം യുവാക്കൾ ലൗജിഹാദിലൂടെ വിവാഹം കഴിക്കുന്നതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിനെ പോലുള്ള തീവ്രവാദി സംഘടനകളാണ്. ഇതിനായി അവർ കോടിക്കണക്കിന് രൂപ ചെലവിടുന്നുണ്ട്. കേരളത്തിലെയും കർണാടകയിലെയും ക്രിസ്ത്യൻ സഭകളും ഈ ആശങ്ക ഉയർത്തിയിട്ടുണ്ട്. പതിനായിരത്തോളം ക്രിസ്ത്യൻ പെൺകുട്ടികൾ ലൗജിഹാദിന് ഇരകളായിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് 2000 പെൺകുട്ടിളെ കാണാതിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ലഡാക്കിലും ഈ പ്രശ്്‌നം ഉയരുന്നുണ്ട്. കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ വിവാഹം കഴിച്ച് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കൊണ്ടു പോകുകയാണ്. -ജെയിൻ ആരോപിച്ചു.
ഇന്ത്യയിലെ മൗലവിമാർ മുസ്‌ലിം യുവാക്കളുടെ നാവും പ്രവൃത്തിയും നിയന്ത്രിക്കാൻ തയാറാകണമെന്നും ജെയിൻ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്്‌ലിംകൾക്ക് ഹിന്ദുക്കളെക്കാൾ അവകാശങ്ങളുണ്ട്. എന്നാൽ അവർ എല്ലാ വിഷയങ്ങളെയും വിവാദമാക്കാനാണ് ശ്രമിക്കുന്നത്. ഇത് മുസ്്‌ലികളുടെ നാശത്തിന് വഴിവെക്കും -ജെയൻ ചൂണ്ടിക്കാട്ടി.ലൗ ജിഹാദിലൂടെ മതംമാറിയ 420 പെൺകുട്ടികളുടെ പേരുകളടങ്ങിയ പട്ടിക ഡോ. ജെയിൻ മാധ്യമങ്ങൾക്ക് നൽകി. ഇതിൽ ഏറ്റവും കൂടുതൽ പേരുള്ളത് ഉത്തർപ്രദേശിലാണ്.