കൊച്ചി- കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂണ്‍ പത്തിന് ഗവര്‍ണര്‍ അയച്ച കത്ത് ഒന്നര വര്‍ഷത്തോളം പൂഴ്ത്തിവച്ചതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കത്ത് ഒളിപ്പിച്ചുവച്ച കാലമത്രയും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് കൊടകര കുഴല്‍പ്പക്കേസ് ഒത്തുതീര്‍ക്കാനുള്ള ഗൂഡാലോചന നടത്തിയത്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിച്ചിട്ടുണ്ട്. കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഒഴിവാക്കിയതിന് പകരമായി സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കൈക്കൂലി കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം മുഖ്യമന്ത്രിയിലേക്കോ മന്ത്രിമാരിലേക്കോ എത്താതെ ഒത്തുതീര്‍പ്പാക്കി. ഇതിന് രണ്ടിനും ഇടനിലക്കാരനായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നാണ് വ്യക്തമാക്കേണ്ടത്. സ്വര്‍ണക്കടത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്ത് ഗവര്‍ണര്‍ എന്നാണ് പുറത്തുവിടുന്നതെന്നാണ് ഇനി അറിയാനുള്ളത്. അടുത്തവര്‍ അകന്നപ്പോഴുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം ഇരുവരും ഒന്നിച്ചായിരുന്നെന്ന പ്രതിപക്ഷ ആരോപണം തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കത്ത്.