ദോഹ- നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിന് ശേഷം ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടർ പ്രവേശനം സാധ്യമായതിന്റെ ആഹ്ലാദത്തിൽ ദോഹയിലെ സൂഖ് വാഫിഖിൽ പുലരും വരെ ആഘോഷിച്ച് മൊറോക്കൻ ആരാധകർ. സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് സൂഖ് വാഫിഖിൽ പാട്ടും നൃത്തവുമായി ആഘോഷിച്ചത്. സൂഖിനുള്ളിലെ മുഴുവൻ റസ്‌റ്റോറന്റുകളിലും വൻ തിരക്കും അനുഭവപ്പെട്ടു. ബെൽജിയത്തെ ഞെട്ടിച്ച് വിജയം സ്വന്തമാക്കിയ ദിവസം തന്നെ ഇവിടെ ആരാധകർ നിറഞ്ഞിരുന്നു. മൊറോക്കോയോട് പരാജയപ്പെട്ടതിന്റെ സങ്കടം ബെൽജിയം നഗരമായ ബ്രസൽസിൽ ആരാധകർ ആക്രമം നടത്തി തീർത്തപ്പോൾ ദോഹയിൽ മൊറോക്കോ ആരാധകർ വൻ ആഘോഷത്തിലായിരുന്നു. അവസാന മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പ ജേതാക്കളായി പ്രീ ക്വാർട്ടറിൽ എത്തിയതിന്റെ ആഘോഷമായിരുന്നു സൂഖിൽ. നഗരത്തിൽ വാഹനങ്ങളിലും ആരാധകർ ടീമിന്റെ വിജയം ആഘോഷിച്ചു.