ഗ്രൂപ്പ് ജി
കളി, ജയം, സമനില, തോല്‍വി, ഗോള്‍വ്യത്യാസം, പോയന്റ്
ബ്രസീല്‍ 2 2 0 0 3 6
സ്വിറ്റ്‌സര്‍ലന്റ് 2 1 0 1 0 3
കാമറൂണ്‍ 2 0 1 1 -1 1
സെര്‍ബിയ 2 0 1 1 -2 1
ഗ്രൂപ്പ് എച്ച്
കളി, ജയം, സമനില, തോല്‍വി, ഗോള്‍വ്യത്യാസം, പോയന്റ്
പോര്‍ചുഗല്‍ 2 2 0 0 3 6
ഘാന 2 1 0 1 0 3
തെ.കൊറിയ 2 0 1 1 -1 1
ഉറുഗ്വായ് 2 0 1 1 -2 1
ദോഹ - ലോകകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടു കളികള്‍ക്ക് ചരിത്രത്തിന്റെ അന്തര്‍ധാര. ഘാന-ഉറുഗ്വായ് മത്സരത്തിന് 2010 ലെ സംഭവത്തിന്റെയും സെര്‍ബിയ-സ്വിറ്റ്‌സര്‍ലന്റ് മത്സരത്തിന് കഴിഞ്ഞ ലോകകപ്പിലെയും സംഭവങ്ങളുടെ പ്രതിധ്വനിയുണ്ടാവും.
2010 ലെ ലോകകപ്പില്‍ ഘാന സെമി ഫൈനലിലെത്തുന്നത് തടഞ്ഞത് ഉറുഗ്വായുടെ ലൂയിസ് സോറസിന്റെ ഹാന്റ്‌ബോളാണ്. അതിന് മാപ്പ് പറയുമോയെന്ന് ചോദിച്ചപ്പോള്‍ സോറസിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അതിന് എനിക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയിരുന്നു. പെനാല്‍ട്ടി പാഴാക്കിയത് ഞാനല്ല'.
എക്‌സ്ട്രാ ടൈമിന്റെ അവസാന സെക്കന്റുകളിലായിരുന്നു സോറസിന്റെ ഹാന്റ്‌ബോള്‍. അതിന് കിട്ടിയ പെനാല്‍ട്ടി അസമോവ ജ്യാന്‍ ഉയര്‍ത്തിയടിച്ചു. ഘാനക്കാര്‍ക്ക് അത് ഇപ്പോഴും വേദനിപ്പിക്കുന്ന ഓര്‍മയാണ്. ആ ടീമില്‍ നിന്ന് അവശേഷിക്കുന്നത് ക്യാപ്റ്റന്‍ ആന്ദ്രെ ആയു മാത്രമാണ്. സോറസ് തെക്കന്‍ കൊറിയക്കെതിരായ മത്സരം കളിച്ചിരുന്നു. എന്നാല്‍ പോര്‍ചുഗലിനെതിരായ തോല്‍വിയില്‍ റിസര്‍വായിരുന്നു.
ഉറുഗ്വായെ തോല്‍പിച്ചാല്‍ ഘാനക്ക് പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറാം. ചിലപ്പോള്‍ സമനിലയും മതിയാവും. അവസാന കളിയില്‍ തെക്കന്‍ കൊറിയയെ അവര്‍ അഞ്ചു ഗോള്‍ ത്രില്ലറില്‍ തോല്‍പിച്ചിരുന്നു. ഉറുഗ്വായ്ക്ക് ഘാനയെ തോല്‍പിച്ചാല്‍ മാത്രം പോരാ, പോര്‍ചുഗലിനെ കൊറിയ തോല്‍പിക്കാനും പാടില്ല. പോര്‍ചുഗല്‍ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടില്ലെങ്കില്‍ മിക്കവാറും പ്രി ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക ബ്രസീലിനെയാണ്.
തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലാണ് സ്വിറ്റ്‌സര്‍ലന്റും സെര്‍ബിയയും ഏറ്റുമുട്ടുന്നത്. റഷ്യയില്‍ സെര്‍ബിയക്കെതിരായ ഗോള്‍ സ്വിറ്റ്‌സര്‍ലന്റ് ടീമിലെ അല്‍ബേനിയന്‍ വംശജരായ ഷെദ്‌റാന്‍ ശഖീരിയും ഗ്രാനിറ്റ് ഷാക്കയും ആഘോഷിച്ചത് ഏറെ വിവാദമായിരുന്നു. ബാല്‍ക്കന്‍ സംഘര്‍ഷത്തെ ഓര്‍മിപ്പിക്കുന്ന ആഘോഷത്തിന്റെ പേരില്‍ രണ്ടു പേര്‍ക്കും ഫിഫ പിഴ വിധിച്ചു. ശഖീരി ജനിച്ചത് മുമ്പ് സെര്‍ബിയയുടെ ഭാഗമായിരുന്ന കോസൊവോയിലാണ്. ഷാക്കയുടെ മാതാപിതാക്കള്‍ കോസൊവോക്കാരായിരുന്നു, സഹോദരന്‍ അല്‍ബേനിയന്‍ ദേശീയ ടീമിലുണ്ട്. ബ്രസീല്‍ ഈ ഗ്രൂപ്പില്‍ നിന്ന് മുന്നേറിക്കഴിഞ്ഞു.
ബ്രസീല്‍ രണ്ടാം നിരയെയാണ് കാമറൂണിനെതിരെ ഇറക്കുക. ടീമിലെ ഏഴു പേര്‍ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. നെയ്മാറിനും അലക്‌സ് സാന്ദ്രോക്കും ഡാനിലോക്കും പരിക്കുണ്ട്. മുപ്പത്തൊമ്പതുകാരന്‍ ഡാനി ആല്‍വേസ് ലോകകപ്പ് കളിക്കുന്ന പ്രായമേറിയ ബ്രസീലുകാരനാവും. കഴിഞ്ഞ പത്ത് ലോകകപ്പിലും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. അവസാന 17 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളില്‍ 14 ജയവും മൂന്ന് സമനിലയുമാണ് ബ്രസീല്‍ നേടിയത്. അവസാന 29 ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് തോറ്റത് -1998 ല്‍ നോര്‍വെയോട്. കഴിഞ്ഞ ദിവസം ഫ്രാന്‍സിന് സംഭവിച്ചതു പോലെ കാമറൂണിനോട് ബ്രസീല്‍ തോറ്റാല്‍ സ്വിറ്റ്‌സര്‍ലന്റിന്റെ സാധ്യതകള്‍ വെള്ളത്തിലാവും. ബ്രസീല്‍ സമനിലയെങ്കിലും നേടുകയാണെങ്കില്‍, സെര്‍ബിയക്കെതിരെ സ്വിറ്റ്്‌സര്‍ലന്റിനും സമനില മതി നോക്കൗട്ടിലെത്താന്‍. സെര്‍ബിയയായാലും സ്വിറ്റ്‌സര്‍ലന്റായാലും പ്രി ക്വാര്‍ട്ടര്‍ പോര്‍ചുഗലിന് എളുപ്പമാവില്ല. രണ്ടു ടീമുകളും പോര്‍ചുഗലിനെ ഈയിടെ തോല്‍പിച്ചിട്ടുണ്ട്.