Sorry, you need to enable JavaScript to visit this website.

ലെഗിൻസിനെന്താ കുഴപ്പം?

മറ്റു സ്വാതന്ത്ര്യങ്ങൾ പോലെതന്നെ വസ്ത്രസ്വാതന്ത്ര്യവും വ്യക്തിപരമാണ്.​ ചുരിദാർ എന്നോ സാരിയെന്നോ പർദ്ദയെന്നോ ലെഗിൻസ് എന്നോ ഏത് വസ്ത്രവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്. പക്ഷേ, ഉള്ളിലിടേണ്ട വസ്ത്രവും പുറത്തിടേണ്ട വസ്ത്രവും ഏതാണെന്ന തിരിച്ചറിവുണ്ടാവണം.

കൂട്ടബലാത്സംഗങ്ങൾ പോലും ട്രെൻഡായി മാറുന്ന കറുത്ത കാലമാണിത്. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഏറെ ഉന്നതിയിലെന്ന് നാം അവകാശപ്പെടുമ്പോഴും നമ്മുടെ മനസ്സ് എത്രമാത്രം ശുഷ്‌കമാണെന്ന് ബോധ്യപ്പെടുത്തുന്ന പല സംഭവങ്ങൾക്കുമിടയിലാണ് മലപ്പുറം ജില്ലയിലെ എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹൈസ്‌കൂളിലെ ലെഗിൻസ് വിവാദം കടന്നുവന്നിരിക്കുന്നത്.

 കഴിഞ്ഞ ദിവസം സ്‌കൂൾ ഓഫീസ് റൂമിൽ ഒപ്പിടാൻ ചെന്നപ്പോൾ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പ്രധാനാധ്യാപിക മോശമായി സംസാരിച്ചുവെന്നാണ് ഇവിടത്തെ ഒരു ടീച്ചറുടെ പരാതി. ലെഗിൻസ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണെന്നും ടീച്ചർ ഇങ്ങനെ ധരിച്ചുവന്നാൽ യൂണിഫോമിട്ട് വരാത്ത കുട്ടികളോട് എങ്ങനെ പറയുമെന്നുമാണ് പ്രധാനാധ്യാപികയുടെ ചോദ്യം. ടീച്ചറുടെ ഈ സംസ്‌കാരം ശരിയല്ലെന്ന പ്രധാനാധ്യാപികയുടെ പരാമർശങ്ങൾ കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്നും താൻ തീർത്തും മാന്യമായ വസ്ത്രമാണ് ധരിച്ചതെന്നും ടീച്ചർ പരാതിയിൽ വ്യക്തമാക്കുന്നു.
 എന്നാൽ ഇതോട് പ്രധാനാധ്യാപിക പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മേലധികാരികൾ വിശദീകരണം ആവശ്യപ്പെട്ടാൽ അപ്പോൾ പ്രതികരിക്കാമെന്നാണ് അവരുടെ നിലപാട്. സംഭവത്തിൽ പ്രധാനാധ്യാപികയ്ക്കു നിറഞ്ഞ കൈയടിയുമായും പരാതിക്കാരിയെ ഗുണോദോഷിച്ചും ഒരുപാട് പേർ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. അതേപോലെ തിരിച്ചുളള പ്രതികരണങ്ങളും വ്യാപകമാണ്.

 സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക്, പൊതുസമൂഹത്തിന് എന്നും എരിവ് പകരുന്ന വിഷയമാണ്. ഹിജാബ്, ബുർഖ, നിഖാബ്, ലെഗിൻസ് തുടങ്ങിയ വിവാദങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്‌കൂളുകളും കോളജുകളും തൊട്ട് തെരുവുകളായ തെരുവുകളിലെല്ലാം ചർച്ച ചെയ്ത് രാജ്യത്തെ പരമോന്ന നീതിപീഠം വരെ ചർച്ച ചെയ്ത വിഷയങ്ങൾ. ലെഗിൻസ് ചർച്ച കാഴ്ചയിൽ ഇച്ചിരി ചൂട് കൂട്ടിയേക്കുമെന്നു മാത്രം. ലെഗിൻസ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണമാണെന്നും അവ അടിവസ്ത്രമെന്ന നിലയ്ക്ക് സ്ത്രീകളെ സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്രങ്ങളായി മാറ്റുമെന്നുമാണ് അവയ്‌ക്കെതിരെയുള്ള പ്രധാന വിമർശം. സ്ത്രീശരീരത്തെ ലെഗിൻസിന്റെ ഇറുക്കവും മുറുക്കവും കൂടുതൽ ആഭാസകരമായി കാണിക്കുമെന്നും ഇവർ പറയുന്നു. എന്നാൽ വസ്ത്രസ്വാതന്ത്ര്യത്തിൽ കൈവെക്കരുതെന്നും അതൊരാളുടെ ഇഷ്ടമാണെന്നും അതിലാർക്കും കുരു പൊട്ടേണ്ടതില്ലെന്നുമാണ് ലെഗിൻസ് അനുകൂലികളുടെ വാദം. ലെഗിൻസിലല്ല, അത് കാണുന്നവരുടെ കാഴ്ചയിലും ചിന്തയിലും മനോഭാവത്തിലുമാണ് പ്രശ്‌നമെന്നും ഇവർ ഓർമിപ്പിക്കുന്നു.

 സത്യത്തിൽ അധ്യാപകർക്ക് ഡ്യൂട്ടിയിൽ ഒരു പ്രത്യേക വസ്ത്രമെന്ന നിലയിൽ യൂണിഫോം സർക്കാർ നിഷ്‌കർഷിക്കുന്നില്ലെങ്കിലും അവർക്ക് കൂടുതൽ സുഖകരവും മാന്യവുമായ വസ്ത്രം ധരിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങളിലുള്ളത്. വസ്ത്രം ഏതായാലും അത് ഒരാളുടെ നഗ്നത മറയാനും ആത്മവിശ്വാസം വളർത്താനും ഉപകരിക്കുന്നതാകണമെന്നു ചുരുക്കം. ഇഷ്ടമുള്ള വസ്ത്രം എന്നതിനെ അംഗീകരിക്കുമ്പോഴും സ്‌കൂളുകളിൽ വരുന്നത് ഫാഷൻ പരേഡിനാവരുതെന്നും മറ്റുള്ളവർക്ക് അരോചകമാവാത്ത വിധത്തിലാവണമെന്നുമാണ് പൊതുവേയുള്ള അഭിപ്രായം. അക്ഷരം മാത്രമല്ല, ഡ്രസ് കോഡിലൂടെ ചില സംസ്‌കാരവും പഠിപ്പിക്കാനാവണമെന്നാണ് ഇത്തരക്കാരുടെ പക്ഷം. വസ്ത്രസ്വാതന്ത്ര്യം എന്നു പറഞ്ഞ് നാളെ നിക്കറും ബർമുഡയുമിട്ടും ബിക്കിനി ധരിച്ചും വരുന്നവരേയും ന്യായീകരിക്കേണ്ട സ്ഥിതി ഉണ്ടാവരുതെന്നും ഇവർ പറയുന്നു. 

 ഓരോ തൊഴിലിലും ഏർപ്പെടുന്നവർക്ക് വ്യത്യസ്തമായ യൂണിഫോമുകളുണ്ട്. അത് പോലീസായാലും നെഴ്‌സായാലും വക്കീലായാലും പട്ടാളമായാലും കയറ്റിറക്കു ചുമട്ടു തൊഴിലാളികളായാലും പല മേഖലകളിലുമുണ്ട്. അത്തരമൊരു ഡ്രസ്‌കോഡ് സ്‌കൂൾ കുട്ടികൾക്കൊപ്പം അധ്യാപകർക്കും നല്ലതാണെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും, അധ്യാപക യൂനിഫോം ഉണ്ടായാലുമില്ലെങ്കിലും പ്രശ്‌നത്തെ കുറച്ചുകൂടി അവധാനതയോടും വിവേകത്തോടെയും സമീപിക്കേണ്ടിയിരിക്കുന്നു. 

 സ്ത്രീശരീരം, വസ്ത്രധാരണം, നഗ്നത, സദാചാരസങ്കൽങ്ങൾ തുടങ്ങിയവയിലെല്ലാം പലർക്കും പല ധാരണകളും മുൻവിധികളുമുണ്ടെന്നതും സത്യം. വസ്ത്രത്തിൽ ആശയപരവും വീക്ഷണപരവുമായ നിലപാടുകളുമുണ്ട്. അതിൽ ശരിയും തെറ്റുമുണ്ടാവും. കാലവും ലോകവും മാറുമ്പോൾ കാഴ്ചപ്പാടുകളിലും അത് പ്രകടമാവും. ലെഗിൻസ് ഉത്തരാധുനികയുടെ വസ്ത്രാഭാസമായി കാണുന്നവരും അത് ഒരാളുടെ വൈയക്തിക സ്വാതന്ത്ര്യത്തിന്റെ ചോയ്‌സായി സമീപിക്കുന്നവരും ധാരാളമാണ്. ഇതിനിടയ്ക്ക് സ്‌കൂൾ പോലുള്ള പൊതു ഇടങ്ങളിൽ വിവാദങ്ങൾക്ക് ഇടവരുത്താത്ത വിധത്തിലുള്ള മാന്യമായ വസ്ത്രമാകുന്നതാണ് പുരുഷനായാലും സ്ത്രീകളായാലും കരണീയമായിട്ടുള്ളത്. അപ്പോഴും ഒരാൾ അടിവസ്ത്രം ധരിച്ചുവരുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്ന നിലയ്ക്ക് വ്യാഖ്യാനങ്ങൾ വരുന്നത് അത്ര പന്തിയല്ല. ഏഭ്യത്തരമാവുമത്. 

 മറ്റു സ്വാതന്ത്ര്യങ്ങൾ പോലെതന്നെ വസ്ത്രസ്വാതന്ത്ര്യവും വ്യക്തിപരമാണ്. ചുരിദാർ എന്നോ സാരിയെന്നോ പർദ്ദയെന്നോ ലെഗിൻസ് എന്നോ ഏത് വസ്ത്രവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്. പക്ഷേ, ഉള്ളിലിടേണ്ട വസ്ത്രവും പുറത്തിടേണ്ട വസ്ത്രവും ഏതാണെന്ന തിരിച്ചറിവുണ്ടാവണം. ഇഷ്ടമുള്ള വസ്ത്രം എവിടേയും എങ്ങനേയുമെന്നർത്ഥമില്ല. കാരണം സ്വിമ്മിംഗ് പൂളിലെ വസ്ത്രമല്ല മറ്റു പൊതു ഇടങ്ങളിൽ ധരിക്കുക. കളിക്കളത്തിലെ വേഷവിധാനമല്ല, പൊതുചടങ്ങുകളിൽ അനുവർത്തിക്കുക. ഓരോന്നിനും അതിന്റേതായ സന്ദർഭവും സാഹചര്യവും താൽപര്യവും മനസ്സിലാക്കി വേണം പെരുമാറാൻ. ചുരുക്കിപ്പറഞ്ഞാൽ എന്തു ധരിച്ചാലും വസ്ത്രധാരണം എപ്പോഴും വിവേകപൂർണമാവണമെന്നു ചുരുക്കം.
 
 വസ്ത്രം ഭംഗിയോടൊപ്പം നഗ്നത മറയാനും കാലാവസ്ഥയ്ക്ക് അനുഗുണമായതും മനുഷ്യ ശരീരത്തിന്റെ സംരക്ഷണത്തിനുമാണ്. ഒരു വസ്ത്രം ഇന്നത് ധരിക്കണമെന്നു നിർബന്ധിക്കുന്നതുപോലെ തന്നെയാണ് ഇന്നത് ധരിക്കരുത് എന്നു ശഠിക്കുന്നതും. അതായത്, ഒരാൾ പർദ്ദ ധരിക്കരുത് എന്നു പറയുന്നതുപോലെ തന്നെ അവിവേകമാണ്, പർദ്ദ തന്നെ ധരിക്കണം എന്നു പറയുന്നതും. രണ്ടും ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടമാവണം. പുറമെനിന്നുള്ള ഇടപെടൽ വേണ്ടതില്ല. ഒപ്പം ആ ഇഷ്ടത്തിൽ ചില മാന്യതയും മര്യാദയും സംസ്‌കാരവും നിഴലിക്കണമെന്നു മാത്രം. കാലുകളോടും തുടയോടും ഇറുകിക്കിടക്കുന്ന വസ്ത്രമാണ് ലെഗിൻസ്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർക്കുള്ള ഇൻഫെക്ഷൻ പുതിയ ആരോഗ്യശാസ്ത്ര പഠനങ്ങളിലുണ്ട്. മറ്റുസദാചരാ ക്ലാസുകളെക്കാൾ സ്വീകാര്യത ലഭിക്കുക ഒരുപക്ഷേ, ഇത്തരം ആരോഗ്യശാസ്ത്ര പാഠങ്ങൾക്കായിരിക്കും. എന്തായാലും, ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം ഭരണഘടന ഒരു പൗരന് ഉറപ്പുനൽകുന്നതാണ്. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗവുമാണ്. ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രം പുരുഷന് അവളുടെ മാന്യതയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ലെന്ന് ഈയിടെയായി ഒരു ബലാത്സംഗക്കേസിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വിവാദ പരാമർശം നീക്കി ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

 വസ്ത്രവും ഭക്ഷണവുമെല്ലാം സമൂഹമനസ്സിൽ വർഗീയതയും വിഭാഗീയതയും ആളിക്കത്തിക്കാൻ പലരൂപത്തിൽ പലരും ആയുധമാക്കിയിട്ടുണ്ട്. ഓരോ വിഷയങ്ങളിലും ധരിച്ച വസ്ത്രമാണോ പ്രശ്‌നമെന്ന നിലയിൽ സ്ഥാനത്തും അസ്ഥാനത്തും ചർച്ചകളും നടന്നിട്ടുമുണ്ട്. ഒരേ വസ്ത്രംതന്നെ ആഭാസമായും സന്തോഷമായും കാണുന്നവരുമുണ്ട്. രണ്ടു കൂട്ടരുടെയും അളവുകോലുകളാണ് പ്രശ്‌നം. മോഡലിംഗിന് പോകുന്ന അതല്ലെങ്കിൽ സ്വിമ്മിങ് പൂളികളിൽ പോകുന്ന വസ്ത്രമിട്ട് ആരും പള്ളികളിലും മരണവീടുകളിലും പോവാറില്ല. പരിസരബോധം പ്രധാനമാണെന്നു പറയുമ്പോഴും ഒന്നും അടിച്ചേൽപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി. വിശ്വാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തിൽ ഒരാൾക്കും ഒരാളുടെയും വസ്ത്രസ്വാതന്ത്ര്യത്തിന് എതിര് നിൽക്കാനാവില്ലെന്നു തീർച്ച. വസ്ത്രം മനസ്സിനും ശരീരത്തിനും കൂടുതൽ സൗന്ദര്യവും ആശ്വാസവും ആത്മവിശ്വാസവും സുരക്ഷിതത്വവുമാണ് പകരേണ്ടത്. എന്നാൽ, പലപ്പോഴും അനാവശ്യ ചൂടും പുകച്ചിലുമാണ് പല വിവാദങ്ങളിലും നിഴലിച്ചുനിൽക്കാറ്. അതിനാൽ തന്നെ വസ്ത്രങ്ങളുടെ നീളവും വീതിയും ഇറുക്കവും ഒതുക്കവും പെണ്ണിന്റെ തൊലിയഴകും മാംസത്തുടിപ്പുമെല്ലാം ക്യാമറക്കണ്ണുകളാൽ ചൂഴ്ന്നുനിൽക്കുന്നു. മനുഷ്യൻ ഇലകളിൽനിന്ന് നഗ്നത മറച്ച് തുണികളിലേക്കും നൂറുകൂട്ടം മോഡലുകളിലേക്കും കടന്നു. ഇനി നാം പരിഷ്‌കാരമെന്നോ പ്രാകൃതമെന്നോ വിശേഷണങ്ങൾ എന്തുനൽകിയാലും ആദിമ മനുഷ്യരെയും ചാടിക്കടന്ന് പുതിയ ഗർത്തങ്ങളിലേക്ക് കൂപ്പുകുത്താതിരിക്കാൻ ശ്രമിക്കാം. അതിനാൽ തന്നെ വസ്ത്രങ്ങളെ ചൊല്ലിയുള്ള ഈ ചൂടും ചൊറിച്ചിലും പെട്ടെന്നൊന്നും അവസാനിക്കണമെന്നില്ല. ഒരു വസ്ത്രത്തെ ചൂണ്ടി അത് സ്വാതന്ത്ര്യവും മറ്റേത് അസ്വാതന്ത്ര്യത്തിന്റേതെന്നും വിധിക്കേണ്ടതുമില്ല. ഇഷ്ടമുള്ളത് സ്വീകരിക്കട്ടെ, ഇഷ്ടമില്ലാത്തത് തിരസ്‌കരിക്കട്ടെ. അതിനാൽ, വിവേകത്തോടെയാവട്ടെ ഓരോരുത്തരുടെയും തെരഞ്ഞെടുപ്പ്. വസ്ത്രം ഏത് ധരിച്ചാലും അത് മാന്യമാവണം. ഒപ്പം അത് സൗന്ദര്യവും സുരക്ഷയും ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്താനുമുതകണം. അത്രമാത്രം. ധാർമികബോധനത്തിന്റെയും മാനവിക മൂല്യബോധങ്ങളുടെയും പിൻബലമില്ലാത്ത ഒരു ചുവടുവെപ്പും രോഗാതരുമായ സമൂഹമനസ്സിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും ഓർക്കുക.

പിൻകുറിപ്പ്:
 ഖത്തർ ലോകകപ്പ് നടക്കുന്ന സമയമാണിത്. 2003-ലാണെന്നാണ് തോന്നുന്നത്. ഇറാനും ഡെൻമാർക്കും തമ്മിലാണ് മത്സരം. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഗ്യാലറിയിൽനിന്നൊരു വിസിൽ. കളി കഴിഞ്ഞതാണെന്നു കരുതി ഇറാൻ പ്രതിരോധനിരയിലെ ഒരുതാരം സ്വന്തം ക്വാർട്ടിൽ വച്ച് പന്ത് പിടിച്ചു മൈതാനത്തിന് പുറത്തേക്ക്. അപ്പോൾ, കളി തീർന്നിട്ടില്ലാത്തതിനാൽ റഫറി പെനാൽറ്റി വിധിച്ചു. സത്യത്തിൽ ഇറാൻ കളിക്കാർ ആദ്യ പകുതി അവസാനിച്ചെന്നു കരുതി പന്ത് പിടിച്ചതാണ്. പക്ഷേ, ന്യായങ്ങളൊന്നും റഫറിക്കു സ്വീകാര്യമായില്ല. പെനാൽറ്റി കിക്കെടുക്കാൻ ഡെൻമാർക്ക് താരം മുന്നോട്ട്. പക്ഷേ, കിക്കെടുത്ത ഡെൻമാർക്ക് മിഡ്ഫീൽഡർ മോർട്ടൻ വീഗ്‌ഹോർസ്റ്റ് പന്ത് മനപ്പുർവ്വം പുറത്തേക്കടിച്ചു. എന്നിട്ടു പറഞ്ഞു: 'ഇത് എന്റെ ടീം മാനേജറുടെ നിർദേശമാണ്. ഞങ്ങൾക്കു കളിച്ചുജയിച്ചാൽ മതി. ഈ സാഹചര്യം വേറെയാണ്. അതുകൊണ്ട് അർഹതയില്ലാത്തൊരു ഗോളിൽ ജയിക്കേണ്ടെന്ന' ധീരമായൊരു പ്രഖ്യാപനം. ഡെൻമാർക്കിന്റെ ആ കരുതലിന്, സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് ലോകം നിറഞ്ഞ കൈയടി നൽകി. അന്ന് ആ കളിയിൽ ഇറാനോട് ഒരു ഗോളിന് ഡെൻമാർക്കു തോൽക്കുകയുമുണ്ടായി. 
 ലെഗിൻസ് വിവാദത്തിലും പറയാനുള്ളത് ഈ പന്ത് ഗോളാക്കണോ അതോ പുറത്തേക്കടിക്കണോ എന്ന് നിങ്ങൾക്കു വിടുന്നു. സമയവും സന്ദർഭവും താൽപര്യപ്പെടുന്ന വിവാദമാണോ ഇത്. അതോ അനവസരത്തിലാണോ എന്ന് സ്വയം പരിശോധിക്കുക. അതിനാൽ കളിച്ചു ജയിക്കണോ, വിവാദങ്ങളലൂടെ ജീവിക്കണോ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കുക. അതിനുമാത്രമുള്ള പക്വതയും പാകതയുമൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഉണ്ടാവുന്നത് നന്ന്.
 

Latest News