ദോഹ - ലോകകപ്പില്‍ ജര്‍മനിയുടെ പുറത്താകലിന് കാരണമായ ഗോളിനെച്ചൊല്ലി വിവാദം പൊടിപൊടിക്കുന്നു. സ്‌പെയിനിനെതിരെ അമ്പത്തൊന്നാം മിനിറ്റില്‍ ജപ്പാന്‍ നേടിയ ആവൊ തനാക്കയുടെ ഗോളാണ് ചര്‍ച്ചയാവുന്നത്. നീണ്ട വീഡിയൊ പരിശോധനക്കു ശേഷമാണ് റഫറി ഗോള്‍ അംഗീകരിച്ചത്.
വലതു വിംഗില്‍ നിന്ന് കവോറു മിതോമ ക്രോസ് ചെയ്യും മുമ്പ് പന്ത് ടച്ച് ലൈന്‍ കടന്നതായാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് തോന്നിയത്. ക്രോസ് തനാക്ക വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു.
എന്നാല്‍ പന്ത് പൂര്‍ണമായി വര കടക്കും മുമ്പെ മിതോമ സ്‌റ്റോപ് ചെയ്തിരുന്നുവെന്നാണ് റഫറി വിധിച്ചത്. പന്ത് ഗോളമായതിനാല്‍ ്അത് ഗ്രൗണ്ടുമായി സ്പര്‍ശിക്കുന്ന ബിന്ദുവല്ല പരിഗണിക്കുക. അതിന്റെ പുറംഭാഗം എവിടെയാണെന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പന്ത് വര കടന്നുവോയെന്ന് പരിശോധിക്കാന്‍ ഫിഫ അര്‍ധ സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നുണ്ട്. അതനുസരിച്ച് തലനാരിഴക്ക് പന്ത് അകത്താണ്. ജപ്പാന്‍-സ്‌പെയിന്‍ മത്സരം സമനിലയാണെങ്കില്‍ സ്‌പെയിനും ജര്‍മനിയുമായിരുന്നു നോക്കൗട്ടിലെത്തുക.
1966 ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ ജെഫ് ഹേഴ്സ്റ്റ് നേടിയ ഗോളിന്റെ വിവാദം ഇപ്പോഴും അടങ്ങിയിട്ടില്ല. അന്ന് കപ്പാണ് ജര്‍മനിക്ക് നഷ്ടപ്പെട്ടതെങ്കില്‍ ഇന്ന് നോക്കൗട്ട് സ്ഥാനവും മില്ലിമീറ്ററുകളുടെ വ്യത്യാസത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് നഷ്ടമായി.
1966 ഫൈനലിലെ ഗോളും ഇതു പോലെ വിവാദമായിരുന്നു. 1995 ല്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി നടത്തിയ കംപ്യൂട്ടര്‍ പഠനം വിശ്വസിക്കാമെങ്കില്‍ അത് ഗോളായിരുന്നില്ല. എന്നിട്ടും 1966 ലെ ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മനിക്കെതിരെ ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റ് നേടിയ രണ്ടാം ഗോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതായി. ഹേഴ്സ്റ്റിന്റെ ആത്മകഥ തുടങ്ങുന്നത് 'അത് ഗോളായിരുന്നോ?' എന്ന ചോദ്യത്തോടെയാണ്. ഏറ്റവും നാടകീയമായ ഫൈനലായിരുന്നു അത്. നിശ്ചിത സമയത്തെ അവസാന കിക്കില്‍ ജര്‍മനി സമനില നേടിയതോടെ കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഒരേയൊരു ഹാട്രിക്കാണ് ഹേഴ്സ്റ്റിന്റേത്.
ആതിഥേയരുടെ ബോബി ചാള്‍ട്ടനും ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബവറും തമ്മിലുള്ള പോരാട്ടമായാണ് വെംബ്ലിയിലെ ഫൈനല്‍ വിശേഷിപ്പിക്കപ്പെട്ടത്. പക്ഷെ ഇംഗ്ലണ്ടിന്റെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും റിസര്‍വ് ബെഞ്ചിലായിരുന്ന അറിയപ്പെടാത്ത ഒരു സെന്റര്‍ ഫോര്‍വേഡാണ് ചരിത്രത്തില്‍ പേര് രേഖപ്പെടുത്തിയത്. വെറും അഞ്ച് മാസം മുമ്പ് രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഹേഴ്സ്റ്റ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ജിമ്മി ഗ്രീവ്‌സിന് പരിക്കേറ്റതിനാല്‍ മാത്രമാണ് അര്‍ജന്റീനക്കെതിരെ ക്വാര്‍ട്ടറില്‍ ഇറങ്ങിയത്. ആ മത്സരത്തിലെ വിജയഗോള്‍ ഇരുപത്തിനാലുകാരന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവസരം തുറന്നു.
പന്ത്രണ്ടാം മിനിറ്റില്‍ ആതിഥേയ കാണികളെ നിശ്ശബ്ദരാക്കി ജര്‍മനിയുടെ ഹെല്‍മുട്ട് ഹാളര്‍ ഇംഗ്ലണ്ട് വല കുലുക്കി. ആറു മിനിറ്റിനകം ഇംഗ്ലണ്ട് മറുപടി നല്‍കി. 40 വാര അകലെ നിന്നുള്ള ബോബി മൂറിന്റെ ഫ്രീകിക്ക് ഹേഴ്സ്റ്റ് ഹെഡറിലൂടെ ജര്‍മന്‍ വലയിലെത്തിച്ചു.
ആക്രമണ പ്രത്യാക്രമണ പരമ്പരയാണ് പിന്നീട് കണ്ടത്. മൂന്നു തവണ ഗോളി ഗോര്‍ഡന്‍ ബാങ്ക്‌സ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി. രണ്ടാം പകുതി ജര്‍മനിയുടേതായിരുന്നു. എങ്കിലും 12 മിനിറ്റ് ബാക്കിയിരിക്കെ മാര്‍ട്ടിന്‍ പീറ്റേഴ്‌സിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വുള്‍ഫ്ഗാംഗ് വെബറാണ് അവസാന മിനിറ്റിലെ ഗോളിലൂടെ ജര്‍മനിയുടെ ജീവന്‍ എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത്.
101 ാം മിനിറ്റില്‍ അലന്‍ ബോളിന്റെ ക്രോസ് വെട്ടിത്തിരിഞ്ഞ് ഹേഴ്സ്റ്റ് പായിച്ചതാണ് വിവാദമായത്. ഷോട്ട് ക്രോസ് ബാറിനടിയില്‍ തട്ടി ഗ്രൗണ്ടില്‍ വീണു തെറിച്ചു. പന്ത് വര കടന്നോ ഇല്ലയോ എന്ന് ആശയക്കുഴപ്പമായി. സ്വിസ് റഫറി ഗോട്ട്ഫ്രീഡ് ഡീന്‍സ്റ്റ് സോവിയറ്റ് യൂനിയന്‍കാരനായ ലൈന്‍സ്മാന്‍ തൗഫീഖ് ബഖറമോവിനടുത്തേക്കോടി. തൊട്ടുടനെ ഗോളിന് വിസില്‍ മുഴങ്ങി. ജര്‍മനിയുടെ പ്രതിഷേധം വൃഥാവിലായി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ജര്‍മനി കിണഞ്ഞു ശ്രമിക്കുന്നതിനിടെ അവസാന മിനിറ്റില്‍ ഹേഴ്സ്റ്റിന്റെ ഹാട്രിക് ഗോളും പിറന്നു. സമയം കളയാന്‍ പുറത്തേക്കടിച്ച പന്താണ് ഗോളായതെന്ന് പിന്നീട് ഹേഴ്സ്റ്റ് വെളിപ്പെടുത്തി. 4-2 ന് ജയിച്ച ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ചാമ്പ്യന്മാരായി.
പന്ത് തട്ടിത്തെറിച്ചത് ക്രോസ് ബാറിലല്ല ഗോള്‍വലയിലാണെന്നു കരുതിയാണ് ഹേഴ്സ്റ്റിന്റെ രണ്ടാം ഗോള്‍ താന്‍ അനുവദിച്ചതെന്ന് തൗഫീഖ് പിന്നീട് തന്റെ സ്മരണകളില്‍ വെളിപ്പെടുത്തി. 1993 ല്‍ മരണക്കിടക്കയിലുള്ളപ്പോള്‍ ആ ഗോളിനെക്കുറിച്ച ചോദ്യത്തിന് തൗഫീഖ് മറ്റൊരു വ്യാഖ്യാനമാണ് നല്‍കിയത്. 'സ്റ്റാലിന്‍ഗ്രാഡ്' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. രണ്ടാം ലോക യുദ്ധത്തില്‍ സോവിയറ്റ് യൂനിയനെതിരായ നാസി ജര്‍മനിയുടെ ആക്രമണമാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതിന് തൗഫീഖിന്റെ പ്രതികാരമായിരുന്നുവോ ആ ഗോള്‍?
സോവിയറ്റ് യൂനിയനില്‍നിന്ന് അസര്‍ബയ്ജാന്‍ വേര്‍പെട്ടപ്പോള്‍ അവിടത്തെ ഫുട്‌ബോള്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി തൗഫീഖ്. ജര്‍മനിയാവട്ടെ പിന്നീട് ലോകകപ്പില്‍ ഇംഗ്ലണ്ടിന് മറുപടി നല്‍കിക്കൊണ്ടേയിരുന്നു. 1970 ലും 1982 ലും 1990 ലും ഇംഗ്ലണ്ടിനെ ലോകകപ്പില്‍നിന്ന് അവര്‍ പുറത്താക്കി. കഴിഞ്ഞ ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ 4-1 ന്റെ കനത്ത പരാജയവും സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തില്‍തന്നെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ പരാജയം.
അറിയാമോ? അസര്‍ബയ്ജാന്‍ ദേശീയ സ്റ്റേഡിയത്തിന് തൗഫീഖ് ബഖറമോവിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.