ദോഹ - ലോകകപ്പില്‍ ജര്‍മനിയുടെ പുറത്താകലിന് കാരണമായ ഗോളിനെച്ചൊല്ലി വിവാദം പൊടിപൊടിക്കുന്നു. സ്‌പെയിനിനെതിരെ അമ്പത്തൊന്നാം മിനിറ്റില്‍ ജപ്പാന്‍ നേടിയ ആവൊ തനാക്കയുടെ ഗോളാണ് ചര്‍ച്ചയാവുന്നത്. നീണ്ട വീഡിയൊ പരിശോധനക്കു ശേഷമാണ് റഫറി ഗോള്‍ അംഗീകരിച്ചത്.
വലതു വിംഗില്‍ നിന്ന് കവോറു മിതോമ ക്രോസ് ചെയ്യും മുമ്പ് പന്ത് ടച്ച് ലൈന്‍ കടന്നതായാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് തോന്നിയത്. ക്രോസ് തനാക്ക വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു.
എന്നാല്‍ പന്ത് പൂര്‍ണമായി വര കടക്കും മുമ്പെ മിതോമ സ്‌റ്റോപ് ചെയ്തിരുന്നുവെന്നാണ് റഫറി വിധിച്ചത്. പന്ത് ഗോളമായതിനാല്‍ ്അത് ഗ്രൗണ്ടുമായി സ്പര്‍ശിക്കുന്ന ബിന്ദുവല്ല പരിഗണിക്കുക. അതിന്റെ പുറംഭാഗം എവിടെയാണെന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പന്ത് വര കടന്നുവോയെന്ന് പരിശോധിക്കാന്‍ ഫിഫ അര്‍ധ സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നുണ്ട്. അതനുസരിച്ച് തലനാരിഴക്ക് പന്ത് അകത്താണ്. ജപ്പാന്‍-സ്‌പെയിന്‍ മത്സരം സമനിലയാണെങ്കില്‍ സ്‌പെയിനും ജര്‍മനിയുമായിരുന്നു നോക്കൗട്ടിലെത്തുക.
1966 ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ ജെഫ് ഹേഴ്സ്റ്റ് നേടിയ ഗോളിന്റെ വിവാദം ഇപ്പോഴും അടങ്ങിയിട്ടില്ല. അന്ന് കപ്പാണ് ജര്‍മനിക്ക് നഷ്ടപ്പെട്ടതെങ്കില്‍ ഇന്ന് നോക്കൗട്ട് സ്ഥാനവും മില്ലിമീറ്ററുകളുടെ വ്യത്യാസത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് നഷ്ടമായി.