Sorry, you need to enable JavaScript to visit this website.

ഇ.ഡിയോ പിണറായിയോ; നിയമയുദ്ധം ആര് ജയിക്കും?

കോഴിക്കോട് - നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്ക് സ്വർണ്ണം കടത്തുകയും ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസ് അസാധാരണ കേസാണെന്ന് താൻ തെളിയിക്കുമെന്നാണ് എൻഫോഴ്‌സ്‌മെന്റിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു രണ്ടുദിവസം മുമ്പ് കേരള സർക്കാറിനെ കോടതിയിൽ വെല്ലുവിളിച്ചത്.
 ഇ.ഡിയും കേരള സർക്കാറും തമ്മിലുള്ള ഈ അസാധാരണ നിയമ പോരാട്ടത്തിൽ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് നടത്തിയ ചില പരാമർശങ്ങൾ സംസ്ഥാന സർക്കാറിന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആശ്വസിക്കാനുള്ള വകയാണ് നൽകിയത്. മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരുമടക്കം ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുന്ന നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് മാറ്റിയാൽ മാത്രമേ നീതിപൂർവ്വമായ വിചാരണ നടത്താൻ സാധിക്കുകയുള്ളൂവെന്നാണ് എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിശക്തമായി വാദിക്കുന്നത്.
 എന്നാൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള കേസായതുകൊണ്ട് മാത്രം വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അസാധാരണ കേസാണെന്ന് തെളിയിച്ചാൽ മാത്രമേ കേസ് മറ്റ് സംസ്ഥാനത്തേക്ക് മാറ്റാൻ കഴിയുകയുള്ളൂവെന്നുമാണ് ഹർജിയിൽ പ്രാഥമിക വാദം നടത്തവേ സുപ്രീം കോടതി വാക്കാൽ പരാമർശം നടത്തിയത്. ഇതിന് മറുപടിയായാണ് ഇത് അസാധാരണ കേസാണെന്ന് താൻ തെളിയിക്കുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത്. കേസിലെ മറ്റു പ്രതികൾ ഉൾപ്പെടെയുള്ളവരുടെ വാദം വിശദമായി കേട്ടതിന് ശേഷം മാത്രമേ അന്തിമ വിധി പ്രഖ്യാപിക്കുകയുള്ളൂവെന്ന് പറഞ്ഞ് കേസ് കൂടുതൽ വാദത്തിനായി മാറ്റിയിരിക്കുകയാണ്.
ഇ.ഡിക്കും മുഖ്യമന്ത്രിക്കും ജീവൻമരണ പോരാട്ടമാണ് സ്വർണ്ണക്കടത്ത് കേസ്. ബാംഗ്ലൂരിലേക്ക് വിചാരണ മാറ്റണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും കോടതി കയറ്റാനാകുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ. അതിന് വേണ്ടി കൈയ്യും മെയ്യും മറന്ന് പണിയെടുക്കുകയാണ് ഇ.ഡി ഉദ്യോഗസ്ഥർ. കേസ് കേരളത്തിലെ കോടതിയിൽ തന്നെ വിചാരണ നടത്തുകയാണെങ്കിൽ ഇത് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് ഇ.ഡിയുടെ വാദം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാൻ അവർ സുപ്രീം കോടതിയെ സമീപിച്ചത്.
ഒരു തവണ കോടതിയിൽ ഹാജരാകാൻ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭ അഭിഭാഷകരിലൊരാളായ കപിൽ സിബലിനെ തങ്ങളുടെ ഭാഗം വാദിക്കാനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത് ഇ.ഡിയുടെ ആവശ്യത്തിന് പിന്നിലെ അപകടം തിരിച്ചറിഞ്ഞു് തന്നെയാണ്. ബി.ജെ.പി ഭരിക്കുന്ന കർണ്ണാടകത്തിലേക്ക് കേസ് മാറ്റിയാൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും വരെ വേണമെങ്കിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതി കയറ്റാൻ കഴിയുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ.
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ കോടതിയിലെ രഹസ്യമൊഴി ഇതിനു ആയുധമാക്കാമെന്നും ഇ.ഡി പൂർണ്ണമായും വിശ്വസിക്കുന്നു. സ്വർണ്ണക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും കാര്യമായ പങ്കുണ്ടെന്നാണ് സ്വപ്‌ന കോടതിയിൽ രഹസ്യമൊഴി നൽകിയത്. ഇതിന്റെ പിന്നിൽ ഇ.ഡിയുടെ സ്വാധീനം സർക്കാർ സംശയിക്കുന്നുണ്ട്.
കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ നീക്കത്തിലുള്ള അപകടം മണത്ത മുഖ്യമന്ത്രി തന്നെയാണ് കേസ് ബാംഗ്ലൂർ കോടതിയിലേക്ക് പോകാതിരിക്കാനായി എല്ലാ ജാഗ്രതയും പുലർത്തുന്നത്. ഇ.ഡിക്കൊപ്പം തന്നെ കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷും പി.എസ് സരിത്തും കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതിയിൽ ശക്തമായി ഉന്നയിക്കും. പ്രതികളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ മാത്രമാണ് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിനൊപ്പം നിൽക്കുന്നത്.
കേരളത്തിൽ നിന്ന് കേസ് ബാംഗ്ലൂരിലേക്ക് മാറ്റുന്നതിനുള്ള പ്രായോഗിക പ്രശ്‌നങ്ങൾ കോടതി വാക്കാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും കേസിലെ പ്രതികളുടെ അഭിപ്രായങ്ങൾ കൂടി ഇക്കാര്യത്തിൽ അറിയേണ്ടതുണ്ടെന്ന് പറഞ്ഞാണ് ഇ. ഡിയുടെ ഹർജി വിശദമായ വാദത്തിനായി മാറ്റിയത്. 
 അന്വേഷണ സംഘവും പ്രതികളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും കോടതി മാറ്റ ആവശ്യത്തിനായി ശക്തമായി നിലകൊള്ളുമ്പോൾ സുപ്രീം കോടതി എന്ത് തീരുമാനമെടുക്കുമെന്നാണ് സർക്കാറിനെയും മുഖ്യമന്ത്രിയെയും ആശങ്കപ്പെടുത്തുന്നത്. കേസിലെ പ്രതികൾ തന്നെ കേരളത്തിന് പുറത്തേക്ക് കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തോടൊപ്പം നിൽക്കുന്ന അവസ്ഥ  മറ്റ് കേസുകളിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയുടെ ഉന്നം സ്വപ്‌നാ സുരേഷോ, സരിത്തോ അല്ല. മറിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണ് അവർ ലക്ഷ്യമിട്ടിരിക്കുന്നത്. കേസിന്റെ വിചാരണ കേരളത്തിൽ നടത്തിയാൽ ആ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയില്ലെന്നും ഇ.ഡിക്ക് ബോധ്യമുണ്ട്. സ്വർണ്ണക്കടത്തിന്റെ മറവിൽ ഈ സംഭവവുമായി ബന്ധമില്ലാത്ത സംസ്ഥാന സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് വരെ ഇ.ഡിയുടെ അന്വേഷണം നീണ്ടിരുന്നു. അതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ താൽപര്യമുണ്ടെന്നും കേസ് വിചാരണക്കായി ബാംഗ്ലൂരിലേക്ക് മാറിയാൽ ഇതെല്ലാം കോടതിയിൽ വിചാരണ ചെയ്യുന്ന സാഹചര്യം ഇ.ഡി സൃഷ്ടിക്കും. അത് വലിയ തോതിൽ ബാധിക്കുമെന്നും സർക്കാർ കണക്കു കൂട്ടുന്നുണ്ട്.
ഇ.ഡിക്കൊപ്പം നിന്നാൽ കേസിൽ തങ്ങൾക്കുണ്ടായേക്കാവുന്ന ഗുണങ്ങൾ സ്വപ്്‌നാ സുരേഷും പി.എസ് സരിത്തുമെല്ലാം തിരിച്ചറിയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും പ്രതികളിൽ മിക്കവരും ഒറ്റക്കെട്ടാകുന്ന നയതന്ത്രമാണ് സ്വർണ്ണക്കടത്ത് കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
 

Latest News