ദോഹ - അഞ്ച് സ്ബ്‌സ്റ്റിറ്റിയൂട്ടുകളെ അനുവദിച്ചത് ഈ ലോകകപ്പില്‍ കളി നിലവാരമുയര്‍ത്തിയെന്ന് ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റി അംഗമായ മുന്‍ എ.സി മിലാന്‍, ജപ്പാന്‍ കോച്ച് ആല്‍ബര്‍ടൊ സാക്കറോണി. കളിയുടെ അവസാന ഘട്ടത്തില്‍ നിരവധി ഗോളുകളാണ് വീഴുന്നത്. അവസാന മിനിറ്റ് വരെ ആവേശം നിലനില്‍ക്കുന്നു. മികച്ച റിസര്‍വ് താരങ്ങളുള്ള ടീമിനാണ് ഈ മാറ്റം ഗുണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെനഗാലിനെതിരെ നെതര്‍ലാന്റ്‌സിന്റെ വിജയ ഗോളടിച്ചത് ഇഞ്ചുറി ടൈമില്‍ പകരക്കാരായ ഡേവി ക്ലാസനും മെംഫിസ് ഡിപായിയും ചേര്‍ന്നാണ്. നിലവാരമുള്ള രണ്ട് മിഡ്ഫീല്‍ഡര്‍മാരാണ് പകരക്കാരായി വന്നത്.
കോവിഡിന് ശേഷമുള്ള മത്സരാധിക്യം കാരണമാണ് ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ആദ്യം പകരക്കാരുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അത് സ്ഥിരമാക്കി.