ബംഗളൂരു- ഭാര്യ ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എഴുപതുകാരന്‍ പോലീസില്‍ പരാതി നല്‍കി. ബംഗളൂരു വിജയനഗര്‍ സെക്കന്റ് സ്റ്റേജിലെ വീട്ടില്‍ താമസിക്കുന്ന എം. രഘു കാരിപ്പയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭാര്യ ജാസ്മിന്‍ കാരിപ്പക്കെതിരെയാണ് പരാതി.
സംഭവത്തില്‍ വിവിപുരം പോലീസ് കേസെടുത്തു. സീനിയര്‍ സിവില്‍ ജഡ്ജിയുടെയും ജെ.എം.എഫ്.സി കോടതിയുടെയും നിര്‍ദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭാര്യയായ ജാസ്മിന്‍ കാരിപ്പ അഞ്ച് വര്‍ഷമായി തന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രഘു പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് താന്‍ കുളിക്കുന്ന സമയത്ത് ഭാര്യ തന്റെ സ്വര്‍ണ മോതിരം, ബ്രേസ്ലെറ്റ്, നാല് മോതിരങ്ങള്‍, രണ്ട് സ്വര്‍ണനാണയങ്ങള്‍, ഒരു മാല എന്നിവ മോഷ്ടിച്ചുവെന്നാണ് രഘുവിന്റെ ആരോപണം.
ഇവ അലമാരയിലാണ് സൂക്ഷിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു. കുളികഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് ഭാര്യയോട് ഇതേപ്പറ്റി ചോദിച്ചു. അപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഭാര്യ സംസാരിച്ചതെന്നും രഘു പറയുന്നു. പോലീസ് അന്വേഷണം തുടങ്ങി.