ഭുവനേശ്വര്‍- ഒഡീഷയില്‍ സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പരാല മഹാരാജ എന്‍ജിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ എന്‍. ചിന്മയ് മഹന്ദിനെയാണ് ഗോപാല്‍പൂര്‍ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി മുതല്‍ പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് ഗോപാല്‍പൂര്‍ ഐ.ഐ.സി ശ്രീകാന്ത് ഖമാരി പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധത്തിനിടയില്‍ പ്രതി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അവള് അറിയാതെ പകര്‍ത്തിയിരുന്നു. എന്നാല്‍, രണ്ട് മാസത്തിനു ശേഷം മഹന്ദിന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഇതോടെ പെണ്‍കുട്ടി മഹന്ദിനെ ഒഴിവാക്കാന്‍ തുടങ്ങി.
കഴിഞ്ഞ ആഴ്ചയാണ് മഹന്ദിന്റെ കൈവശം തന്റെ നഗ്നചിത്രങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി അറിഞ്ഞത്. ഈ ഫോട്ടോകള്‍ നല്കാന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ഫോട്ടോ നല്കണമെങ്കില് ഒരു ലക്ഷം രൂപ നല്‍കണമെന്ന് മഹന്ദ് ആവശ്യപ്പെട്ടു. ഒടുവില്‍, ഇത്രയും വലിയ തുക നല്കാന് തനിക്ക് സാധിക്കില്ലെന്നും, അക്കൗണ്ടിലുള്ള 6000 രൂപ നല്‍കാമെന്നും പെണ്‍കുട്ടി സമ്മതിച്ചു. എന്നാല്‍ മഹന്ദ് അതിനു വഴങ്ങിയില്ല. മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ ഇരയെ കൊല്ലുമെന്ന് മഹന്ദ് ഭീഷണിപ്പെടുത്തി. മറ്റൊരു വഴിയുമില്ലാതെ, പെണ്‍കുട്ടി അവസാനം മാതാപിതാക്കളെയും കോളേജ് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.