ഭോപാല്‍- മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. അയല്‍വീട്ടിലെ പൂവന്‍കോഴി കൂകുന്നതിനാല്‍ തനിക്ക് സ്വസ്ഥമായി കഴിയാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായാണ് ഒരു ഡോക്ടര്‍ പോാലീസ് സ്റ്റേഷനില്‍ എത്തിയിരിക്കുന്നത്. പൂവന്‍കോഴിയുടെ ഉടമസ്ഥയായ അയല്‍ക്കാരിക്ക് എതിരെയാണ് ഇയാള്‍ പരാതി കൊടുത്തിരിക്കുന്നത്. ഡോക്ടറുടെ പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ആദ്യം ഇരുകൂട്ടരെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇരുകൂട്ടരും പ്രശ്നം പരിഹരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ പലാസിയ എന്ന സ്ഥലത്താണ് ഈ പൂവന്‍ കോഴി പ്രശ്നം.
പലാസിയ ഏരിയയിലെ ഗ്രേറ്റര്‍ കൈലാഷ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡോക്ടര്‍ അലോക് മോഡി രേഖാമൂലം പരാതി നല്‍കിയതായി പലാസിയ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സഞ്ജയ് സിംഗ് ബെയ്ന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുകൂട്ടരുമായി സംസാരിച്ച് രമ്യമായി പ്രശ്നം പരിഹരിക്കാനാണ് ആദ്യഘട്ടത്തില്‍ പോലീസ് ശ്രമിക്കുക എന്നും ഇത് ഫലം കണ്ടില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടത്തിന്റെ (സിആര്‍പിസി) സെക്ഷന്‍ 133 പ്രകാരം നടപടിയെടുക്കും എന്നും പോലീസ് വ്യക്തമാക്കി. ഒരു പൊതുസ്ഥലത്ത് നിന്ന് നിയമവിരുദ്ധമായ തടസ്സം അല്ലെങ്കില്‍ ശല്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്.
തന്റെ വീടിന് സമീപം ഒരു സ്ത്രീ കോഴികളെയും നായ്ക്കളെയും വളര്‍ത്തുന്നുണ്ടെന്നും, എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ച് മണിക്ക് കോഴി കൂകുമെന്നും ഇത് തനിക്ക് ഏറെ വിഷമമാണെന്നും ആണ് ഡോക്ടര്‍ മോഡി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് താന്‍ വീട്ടിലേക്ക് മടങ്ങുന്നതെന്നും അതിരാവിലെ എഴുന്നേല്‍ക്കുന്ന പൂവന്‍കോഴിയുടെ പുലര്‍ച്ചെ മുതല്‍ കൂവി തന്റെ സ്വസ്ഥതയും സമാധാനവും കളയുകയാണെന്നും ആണ് ഡോക്ടറുടെ പരാതി