ക്വാലാലംപൂര്‍- മലേഷ്യന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ മുന്‍പ്രധാനമന്ത്രി നജീബ് റസാഖിന്റെ വിദേശയാത്ര തടഞ്ഞു. കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ വിചാരണ ഒഴിവാക്കാന്‍ നജീബ് നാടുവിടുമെന്ന് അഭ്യൂഹം പരന്നതിനിടെയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നജീബിന്റെയും ഭാര്യയുടേയും യാത്രാ വിവരങ്ങളെന്ന പേരില്‍ ഓണ്‍ലൈനില്‍ സന്ദേശം പ്രചരിച്ചതിനുപിന്നാലെ ജനക്കൂട്ടം ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടിനു പുറത്ത് തടിച്ചുകൂടി വാഹന പരിശോധന ആരംഭിച്ചിരുന്നു. നജീബിനെ പുറത്തിറക്കൂ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ജനങ്ങളുടെ രോഷപ്രകടനം. നജീബും ഭാര്യയും ഇന്തോനേഷ്യയിലേക്ക് പോകുന്നുവെന്നായിരുന്നു ഓണ്‍ലൈന്‍ പ്രചാരണം.
അതിനിടെ, ബാരിസണ്‍ സഖ്യവും അതിലെ പ്രധാന പാര്‍ട്ടിയും വിടുകയാണെന്ന് നജീബ് റസാഖ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കുപിന്നാലെ പാര്‍ട്ടി പദവികളില്‍നിന്ന് നജീബിന്റെ രാജിക്ക് മുറവിളി ഉയര്‍ന്നിരുന്നു.
അധികാരത്തിലെത്തിയാല്‍ നജീബ് ഉള്‍പ്പെട്ട നിക്ഷേപ ഫണ്ട് അഴിമതി (1എംഡിബി) അന്വേഷിക്കുമെന്ന് മഹാതീര്‍ മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉറപ്പുനല്‍കിയിരുന്നു. ശതകോടികള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയ നജീബിനെതിര ഉടന്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
നജീബിന്റെയും ഭാര്യ റോസ്മായുടേയും വിദേശയാത്ര തടഞ്ഞുകൊണ്ട് ഉത്തരവിട്ടതായി മഹാതീര്‍ മുഹമ്മദ് അറിയിച്ചു.
തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും താനും കുടുംബവും രാജ്യത്തുതന്നെ ഉണ്ടാകുമെന്നും നജീബ് ട്വീറ്റ് ചെയ്തു.