ന്യൂദല്‍ഹി- കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വാദം കേള്‍ക്കുന്നത് ആരംഭിച്ചതിനെതിരേ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന തന്റെ ഹരജിയില്‍ വിധി വരുന്നതിന് മുന്‍പേ വാദം ആരംഭിച്ചതിലാണ് എതിര്‍പ്പുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട 2019 ജൂലൈയിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചത്. 1990 ല്‍ പ്രഭുദാസ് മാധവ്ജി വൈഷ്‌ണോയ് എന്ന പ്രതിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പോലീസ് അതിക്രമത്തെ തുടര്‍ന്നല്ല പ്രഭുദാസ് കൊല്ലപ്പെട്ടതെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ തെളിവായി കൂട്ടിച്ചേര്‍ക്കണം എന്നു ചൂണ്ടിക്കാട്ടി സഞ്ജീവ് ഭട്ട് വിചാരണ കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും കോടതി നിരസിച്ചു.
പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ഇത് നിരസിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ചു. ഇതില്‍ വിധി വരുന്നതിനെ മുന്‍പ് ഗുജറാത്ത് ഹൈക്കോടതി വിചാരണ ആരംഭിക്കാന്‍ കസ്റ്റഡി മരണ കേസ് പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ഇപ്പോള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപത്തിനിടെ അക്രമികള്‍ക്കെതിരേ നടപടയെടുക്കരുതെന്ന് നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിന് മുകളില്‍നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത് മുതല്‍ ബി.ജെ.പിയുടെ കണ്ണിലെ കരടാണ് സഞ്ജീവ് ഭട്ട്. സഞ്ജീവ് ഭട്ടിന്റെ ആരോപണത്തില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മോഡിക്കു ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനിടെ അകാരണമായി ജോലിക്കു ഹാജരായില്ല എന്നു ചൂണ്ടിക്കാട്ട് സഞ്ജീവ് ഭട്ടിനെ പോലീസ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തിരുന്നു. പിന്നീടാണ് കസ്റ്റഡി മരണ കേസില്‍ അകപ്പെട്ടു ജയിലിലാകുന്നത്.